‘ജല സുരക്ഷ കുരുന്നുകൈകളിലൂടെ’ : ജലവിനിയോഗ സർവേയുമായി പായം പഞ്ചായത്തിലെ വിദ്യാർഥികൾ

ഇരിട്ടി : ‘പലതുള്ളി പെരുവെള്ളം’ എന്ന ചൊല്ല് പ്രയോഗത്തിൽ വരുത്തകയാണ് പായം പഞ്ചായത്തിലെ വിദ്യാർഥികൾ ഇതിനായി എല്ലാ വീടുകളിലുമെത്തി ജലം പാഴാകുന്ന വഴികൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുകയാണിവർ. വീടുകളിലെ ജലവിനിയോഗം, പ്രതിദിനം ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോത്, മലിനജലം കൈകാര്യം ചെയ്യുന്ന രീതി എന്നിവയിലായിരുന്നു പഠനം. 18 വാർഡുകളിലും കുട്ടികൾ നടത്തിയ സർവേയിൽ കണ്ടെത്തിയ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് നവകേരള കർമ പദ്ധതി സംസ്ഥാന കോ–ഓഡിനേറ്റർ ഡോ. ടി.എൻ. സീമ പ്രകാശിപ്പിച്ചു. ‘ജല സുരക്ഷ കുരുന്നുകൈകളിലൂടെ’ സന്ദേശമുയർത്തിയായിരുന്നു പഠനം.
പഞ്ചായത്ത് പ്രസിഡന്റ് പി. രജനി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, ഹരിത കേരള മിഷൻ ജില്ലാ കോ–ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, വി. പ്രമീള, പി.എൻ. ജസി, മുജീബ് കുഞ്ഞിക്കണ്ടി, എൻ. അശോകൻ, സ്മിത രജിത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഡി. തോമസ്, അഷിത ഷാജി, എൻ ലക്ഷ്മിലേഖ എന്നിവർ സംസാരിച്ചു.
ജലസംരക്ഷണത്തിനായി മറ്റുവിവിധ പദ്ധതികളും പഞ്ചായത്തിൽ പൂർത്തിയാക്കി. 32 തോടുകളിൽ 3000 താൽക്കാലിക തടയാണകളും മൂന്ന് സ്ഥിരം തടയണകളും നിർമിച്ചു. 1,32,000 മഴക്കുഴി, എട്ട് കുളം, 162 കിണർ, തോടുകൾക്ക് സംരക്ഷണ ഭിത്തി, 5000 മീറ്ററിൽ കയർ ഭൂവസ്ത്രം എന്നിവ നിർമിച്ചിട്ടുമുണ്ട്.