365 ദിവസവും അരി സൗജന്യം; ആരും പട്ടിണി കിടക്കേണ്ട

മട്ടാഞ്ചേരി: അരിയില്ലാത്തതിനാൽ ആരും പട്ടിണി കിടക്കരുതെന്നാണ് ഇവർ പറയുന്നത്. അരി ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും ഒരു പൈസയും വാങ്ങാതെ അരി കൊടുക്കാൻ സംവിധാനം ഒരുക്കിയിരിക്കുകയാണ് ‘എന്റെ കൊച്ചി’ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഈ സംഘടന. അരി നൽകാനായി മട്ടാഞ്ചേരിയിലെ നസ്രേത്ത് ഇവർ ഒരു ഓഫീസും തുടങ്ങിയിട്ടുണ്ട്. ഇവിടെ ആർക്കും വന്ന് അരി വാങ്ങാം. അതിന് രേഖകളൊന്നും ആവശ്യമില്ല. പായ്ക്കറ്റുകളിലാക്കി അരി കരുതിവെച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ടാണ് അരി നൽകുന്നത്. ഓഫീസിലെത്തിയാൽ കാര്യങ്ങളൊന്നും പറയേണ്ട. അരി എത്ര വേണമെന്നുമാത്രം പറഞ്ഞാൽ മതി. ഒരിക്കൽ അരി വാങ്ങുന്നയാൾക്ക് ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും അരി വാങ്ങാം.
‘‘ദിവസം എട്ടും പത്തും പേർ വരുന്നുണ്ട്. അവർക്ക് ആവശ്യത്തിന് അരി നൽകും. ചിലർക്ക് വരാൻ ശാരീരികമായി ബുദ്ധിമുട്ടാകും, അവർ ആരെയെങ്കിലും പറഞ്ഞയച്ചാൽ അവരുടെ കൈയിൽ കൊടുത്തയയ്ക്കും -‘എന്റെ കൊച്ചി’ ചീഫ് കോ-ഓർഡിനേറ്റർ ഷിബു പൊള്ളയിൽ പറയുന്നു. ‘‘വിതരണത്തിനാവശ്യമായ അരി സംഘടിപ്പിക്കുന്നത് സുമനസ്സുകളുടെ സഹായത്തോടെയാണ്. എന്റെ കൊച്ചി ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളെല്ലാം സാമ്പത്തികമായും സഹകരിക്കുന്നുണ്ട്.