നിലവിലെ സാമൂഹിക സാഹചര്യത്തിൽ പുരുഷനെയും സ്ത്രീയെയും വൈധവ്യം രണ്ട് രീതിയിലാണ് ബാധിക്കുന്നത്. സ്ത്രീകളിൽ ഭൂരിഭാഗവും സാമ്പത്തികമായി ഭർത്താവിനെ ആശ്രയിച്ചു ജീവിക്കുന്നവരായതു കൊണ്ടു തന്നെ വൈധവ്യം വലിയ അരക്ഷിതാവസ്ഥയാണ് സ്ത്രീകളിലുണ്ടാക്കുന്നത്. അത്തരം അവസ്ഥയിലൂടെ കടന്ന് പോവുന്ന സ്ത്രീകളെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് കൊണ്ട് പോവുകയാണ് എറണാകുളം ജില്ലയിലെ കാഞ്ഞൂരുള്ള സൂപ്പര്‍മാര്‍ക്കറ്റ്.
കാഞ്ഞൂരിലെ വിധവകളായ സ്ത്രീകളെ സഹായിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ പല സംഘടനകളും ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് സാമ്പത്തിക സഹായം നല്‍കുക എന്നത് ശാശ്വതമായ പരിഹാരമല്ല. ചൂഷണങ്ങള്‍ നേരിടാതെ ആരോഗ്യപരമായ ചുറ്റുപാടിലുള്ള തൊഴില്‍ എന്ന ചിന്തയില്‍ നിന്നാണ് വിധവകൾക്കായി സൂപ്പര്‍ മാര്‍ക്കറ്റ് ആശയം രൂപം കൊള്ളുന്നത്. സംഘാംഗങ്ങള്‍ എല്ലാം തന്നെ ഈ തീരുമാനം ഐകകണ്‌ഠ്യേന ഏറ്റെടുക്കുകയായിരുന്നുവെന്ന് കാഞ്ഞൂര്‍ സഹകരണ സംഘം പ്രസിഡന്റ് ശശിധരന്‍ പറയുന്നു.
ഭർത്താക്കൻമാരുടെ മരണം നൽകിയ ആഘാതവും തുടർന്ന് നിശ്ചലമായ ജീവിതത്തെ വീണ്ടെടുക്കാൻ ഈ സംരംഭം സഹായകമായതിനെക്കുറിച്ചും ഒരുപാട് കഥകളുണ്ട് ഇവിടുത്തെ സ്ത്രീകൾക്ക് പറയാൻ.
വിദേശത്ത് ജോലിചെയ്തിരുന്ന ഭര്‍ത്താവിന്റെ വിയോഗം സജിതയെ പരിപൂർണ്ണമായും തളർത്തിയിരുന്നു. ഈ സൂപ്പർമാർക്കറ്റാണ് അവരുടെ ജീവിതത്തിന് പുതു പ്രതീക്ഷകൾ നൽകിയത്.
“ഉണ്ടായിരുന്ന കാലത്ത് സ്വരുപിച്ച സമ്പാദ്യം കൊണ്ടായിരുന്നു ഈ നാലുവര്‍ഷത്തെ ജീവിതം. ഇപ്പോള്‍ വല്ലാത്തൊരു സന്തോഷവും ആത്മവിശ്വാസവുമാണ്. ആത്മാഭിമാനത്തോടെ തലയുര്‍ത്തി ജീവിക്കാന്‍ തൊഴില്‍ അത്യാവശ്യമാണ്. മറ്റൊരാളുടെ മുന്നില്‍ എത്രനാള്‍ കൈനീട്ടും”, സജിത ചോദിക്കുന്നു.
ഭര്‍ത്താവില്ലാതെ രണ്ട് മക്കളെ വളര്‍ത്തിയെടുക്കാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഓര്‍ക്കാന്‍ തന്നെ വയ്യെന്ന് അംഗമായ പ്രിയ പറയുന്നു. മൂത്ത മകന്‍ ഡിഗ്രിക്കും രണ്ടാമത്തെ മകള്‍ ആറിലുമാണ് പഠിക്കുന്നത്. “നിത്യ ചെലവുകള്‍ കണ്ടെത്താന്‍ നിരവധി ജോലികള്‍ക്ക് പോയിരുന്നു. നാട്ടില്‍ തന്നെ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയപ്പോള്‍ അപേക്ഷിച്ചതാണ്. രാവിലെ 9 മണിക്ക് കട തുറന്നാല്‍ പിന്നെ ഒരു ഓട്ടമാണ്. ഞങ്ങള്‍ ഒത്തുപിടിച്ചാലെ മുന്നോട്ട പോവു. രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് ഇപ്പോള്‍ ജോലി നടക്കുന്നത് വൈകിയാല്‍ വീട്ടിലേക്ക് എത്തിക്കാനുള്ള വാഹനസംവിധാനവും ഇപ്പോള്‍ ലഭ്യമാണ് മുന്നോട്ടുള്ള ജീവിതത്തിന് ഈ സംരംഭം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല”, പ്രിയ പറയുന്നു.
ഭർത്താവിന്റെ മരണത്തിനു പിന്നാലെ കോവിഡ് നൽകിയ തൊഴിലില്ലായ്മയിൽ ജീവിതത്തിലേക്ക് പിടിച്ചു കയറാൻ സഹായിച്ചത് ഈ സംരംഭമാണെന്നാണ് ഷീലയ്ക്ക് പറയാനുള്ളത്. ” ഏഴ് വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് മരിച്ചത്. പിന്നീടൊരു ശുന്യതയായിരുന്നു എവിടെ തുടങ്ങണം എന്നറിയാത്തൊരു അവസ്ഥ. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒപ്പം ഉണ്ടായിരുന്നെങ്കിലും ഒരു വരുമാനം വേണമല്ലോ. അടുത്തുള്ള സ്‌കൂളില്‍ കെജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ പോയപ്പോള്‍ വരുമാനം കിട്ടിയിരുന്നു. പക്ഷേ കോവിഡ് കാരണം അതും പോയി. പിന്നീടാണ് ഇവിടേക്ക് എത്തുന്നത്. ടെന്‍ഷന്‍ പിടിച്ച പണിയാണിത്. പക്ഷേ വല്ലാത്തൊരു സന്തോഷമുണ്ട്. വേറൊന്നും ചിന്തിച്ച് വിഷമിക്കാന്‍ ഇപ്പോള്‍ സമയമില്ല” ഷീല പറഞ്ഞു നിർത്തി.
13 വിധവകളെയാണ് ഈ സംരംഭത്തിലേക്ക് തിരഞ്ഞെടുത്തത്. കുടുബം മുന്നോട്ട് പോവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായിരുന്നു ആദ്യ പരിഗണന. ഇവര്‍ക്ക് രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ശമ്പളത്തോടു കൂടി പരിശീലനം നല്‍കിയ ശേഷമാണ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. ബില്ലിങ്ങ്, പാക്കിങ്ങ് തുടങ്ങി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ഇക്കാലയളവില്‍ ഈ സ്ത്രീകള്‍ പഠിച്ചെടുത്തു
ഇത്തരം ഒരു ആശയവുമായി സ്ത്രീകളെ സമീപിച്ചപ്പോള്‍ പലര്‍ക്കും ആത്മവിശ്വാസകുറവുണ്ടായിരുന്നു. എന്നാൽ പരിശീലന പരിപാടി ഇവരെ ഊര്‍ജ്ജ്വസ്വലരാക്കി. പാക്കിങ്ങ് മുതല്‍ ബില്ലിങ്ങ് വരെയുള്ള എല്ലാ കാര്യങ്ങളും ഈ പതിമൂന്ന് പേരാണ് ചെയ്യുന്നത്. ഏപ്രില്‍ 3 മുതലാണ് സൂപ്പർമാർക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ കച്ചവടം നടക്കുന്നുണ്ട്. പതിനയ്യായിരം റേഞ്ചില്‍ ഇവര്‍ക്ക് ശമ്പളം എടുക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
നാട്ടുകാരും സമീപ കച്ചവടക്കാരും വളരെ പോസിറ്റീവായ രീതയിലാണ് കച്ചവടം ഏറ്റെടുത്തത്. ഹോം ഡെലിവറി സജീവമാക്കണം എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. അതില്‍ നിന്ന് മികച്ച വരുമാനം നേടാനാവും എന്ന് വിശ്വസിക്കുന്നു. കല്യാണ ആവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുക, തുടങ്ങി വിവിധ മേഖലയിലേക്ക് ഡെലിവറി സംവിധാനം നല്ല രീതിയില്‍ വിപുലപ്പെടുത്തണം. മികച്ച രീതിയിലുള്ള ഓര്‍ഡറുകള്‍ ലഭിക്കുമെന്നാണ് സംഘം പ്രസിഡന്റ് ശശിധരൻ പ്രതീക്ഷിക്കുന്നത്
“ഭാവിയില്‍ കൂടുതല്‍ ആള്‍ക്കാരെ നിയമിച്ച് കാറ്ററിങ് യൂണിറ്റ് തുടങ്ങണമെന്നുണ്ട്, ഖാദി ബോര്‍ഡുമായി സഹകരിച്ച് പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും ആലോചനയുണ്ട്. നല്ല സാധ്യതയാണ് ഇതിനെല്ലാം. നടക്കുമെന്ന് തന്നെയാണ് വിശ്വാസം കാരണം ജീവിതത്തോട് പടപൊരുതി നേടിയ ഉള്‍കരുത്ത് ഇവിടെത്തെ ഒരോ സ്ത്രീകളുടെ ഉള്ളിലുമുണ്ട്”, ശശിധരന്‍ കൂട്ടിച്ചേർത്തു.