പട്ടികവിഭാഗം വിദ്യാർഥികളും പരീക്ഷാ ഫീസ് അടക്കണം: കണ്ണൂർ സർവകലാശാല
കണ്ണൂർ : ഫീസിളവിന് അർഹരായ വിദ്യാർഥികളും പരീക്ഷാ ഫീസ് അടയ്ക്കണമെന്നും പരീക്ഷയ്ക്കു മുൻപുതന്നെ മുഴുവൻ വിദ്യാർഥികളും പ്രൊവിഷനൽ, ഒറിജിനൽ സർട്ടിഫിക്കറ്റിനുള്ള ഫീസ് നൽകണമെന്നുമുള്ള വിചിത്ര ഉത്തരവുമായി കണ്ണൂർ സർവകലാശാല. കോളജുകളിലെ ആറാം സെമസ്റ്റർ പരീക്ഷയെഴുതുന്ന ബിരുദ വിദ്യാർഥികളോടാണ് നിർദേശമെങ്കിലും അടുത്ത ഘട്ടത്തിൽ മുഴുവൻ വിദ്യാർഥികൾക്കും ബാധകമാക്കിയേക്കും.
സർവകലാശാലകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യം സർവകലാശാലകൾ തന്നെ കണ്ടെത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെ വെളിച്ചത്തിൽ ഫണ്ട് കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉത്തരവ്. ഫീസിളവിന് അർഹരായ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് കനത്ത തിരിച്ചടിയാകുമിത്. ബിരുദ വിഷയങ്ങളിലെ ഏറ്റവും കുറഞ്ഞ പരീക്ഷാ ഫീസ് 480 രൂപയാണ്. പ്രാക്ടിക്കൽ പരീക്ഷകളുള്ള വിഷയങ്ങളിൽ ഇത് 1000 രൂപയ്ക്കടുത്ത് വരും.