വിവാഹം മൂലം സംവരണം നഷ്ടമാകില്ല: ഹൈക്കോടതി
കൊച്ചി : സംവരണ വിഭാഗത്തിലുൾപ്പെട്ട വ്യക്തികൾ ഇതര സമുദായത്തിലുള്ളവരെ വിവാഹം കഴിച്ചെന്ന പേരിൽ സംവരണാനുകൂല്യം നഷ്ടമാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം ഹൈക്കോടതിയുടെ ഫുൾബെഞ്ച് വ്യക്തമാക്കിയത് സുപ്രീം കോടതി ശരിവച്ചതാണെന്നും സിംഗിൾബെഞ്ച് വിശദീകരിച്ചു. വിവാഹത്തിന്റെ പേരിൽ സംവരണ ആനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപെട്ട ഇടുക്കി സ്വദേശിനി ബെക‌്‌സി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണൻ ഇത് വ്യക്തമാക്കിയത്.
ഹർജിക്കാരി 2005ൽ സിറോ മലബാർ വിഭാഗത്തിൽപെട്ടയാളെ വിവാഹം കഴിച്ചു. ഇതിനുശേഷം എൽ.പി സ്കൂൾ അധ്യാപികയായി പി.എസ്.സി മുഖേന നിയമനം ലഭിച്ചു. തുടർന്ന് ഇരട്ടയാർ വില്ലേജ് ഓഫിസിൽ ജാതി സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയപ്പോൾ സിറോ മലബാർ സഭയിൽ പെട്ടയാളെ വിവാഹം കഴിച്ചതിനാൽ ലത്തീൻ കത്തോലിക്ക സമുദായത്തിൽപെട്ടയാളാണെന്ന് സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് വില്ലേജ് ഓഫിസർ അറിയിച്ചു. ഇതിനെതിരെയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരിയുടെ എസ്.എസ്.എൽ.സി ബുക്കിൽ ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ പെട്ടയാളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരിൽ സംവരണാനുകൂല്യം നഷ്ടമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരിക്കു ജാതി സർട്ടിഫിക്കറ്റും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയിരുന്നു.