ഇരിട്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഇരിട്ടി : യുവാവിനെ ഇരിട്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പട്ടാന്നൂർ നിടുകുളം സ്വദേശി കാഞ്ഞാക്കണ്ടി ഹൗസിൽ ജിതിനെ (27)യാണ് ഇരിട്ടി പാലത്തിന് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നും മുങ്ങിമരണമാണെന്നുമുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസിന് ലഭിച്ചു. ശരീരത്തിൽ മർദനമേറ്റതിന്റെയോ പിടിവലി നടന്നതിന്റെയോ ലക്ഷണമില്ല.
ഇരിട്ടിയിൽ തെയ്യത്തിന് സൃഹൃത്തുക്കൾക്കൊപ്പമെത്തിയ ജിതിൻ എങ്ങനെ പുഴക്കരയിലെത്തിയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറ ഉൾപ്പെടെ പരിശോധിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ശാസ്ത്രീയപരിശോധനകൾ നടക്കുകയാണെന്ന് ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ. ദിനേശൻ കൊതേരി പറഞ്ഞു.