മാവോയിസ്റ്റുകളെ പിടിക്കാൻ ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ വാങ്ങാൻ കേരള പൊലീസ്

Share our post

തിരുവനന്തപുരം: കാട്ടിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ ആകാശ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ ഹെലികോപ്ടറിൽ ഘടിപ്പിക്കാവുന്ന ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ കേരള പൊലീസ് വാങ്ങുന്നു. കാട്ടിനുള്ളിൽ മനുഷ്യരുടെ സാന്നിദ്ധ്യം മനസിലാക്കി വിവരങ്ങൾ നൽകാൻ ഇവയ്ക്ക് കഴിയും. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് കമാൻഡോകൾക്ക് ഇത് സഹായകരമാകും.

മാവോയിസ്റ്റ് വേട്ടയ്ക്കായി പൊലീസ് നേരത്തേ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിൽ ആകാശനിരീക്ഷണം നടത്തിയപ്പോൾ കാടിന്റെ പച്ചപ്പ് മാത്രമാണ് കാണാനായത്. വനത്തിനുള്ളിൽ ഒളിച്ചുകഴിയുന്ന മാവോയിസ്റ്റുകളെ കാണാനായില്ല. താഴ്ന്നുപറക്കുന്ന കോപ്ടറിന്റെ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളയുന്നതായും തണ്ടർബോൾട്ട് അറിയിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് ഇവ വാങ്ങുന്നത്. ഹെലികോപ്ടറുകൾക്ക് താഴ്ന്ന് പറക്കാതെ തന്നെ ഇതുവഴി മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയാം. മനുഷ്യശരീരത്തിലെ താപം തിരിച്ചറിഞ്ഞാണ് ഇവയുടെ പ്രവർത്തനം.

രാത്രിയിലും പ്രവർത്തിക്കും. ഹെലികോപ്ടറിൽ ഘടിപ്പിക്കാവുന്ന ഒരു ഡിറ്റക്ടറിന് ആറുകോടിയാണ് വില. കൈയിൽ കൊണ്ടുനടക്കാവുന്ന തരത്തിലുള്ളവയ്ക്ക് അമ്പതുലക്ഷം മുതൽ വിലയുണ്ട്. ഇവ വാങ്ങാൻ കേന്ദ്രസഹായം ലഭിക്കും. ഡൽഹിയിലെ ചിപ്സൺ ഏവിയേഷനിൽ നിന്ന് 80ലക്ഷം രൂപ മാസവാടക നൽകിയാണ് കോപ്ടർ വാടകയ്‌ക്കെടുക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വനമേഖലകളിലാണ് മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് തെരച്ചിൽ നടത്തുന്നത്.

”കാട്ടിൽ ഒളിവിലുള്ള മാവോയിസ്റ്റുകളുടെ കൃത്യമായ വിവരങ്ങൾ ഇൻഫ്രാറെഡ് ഹീറ്റ് ഡിറ്റക്ടറുകൾ നൽകും. മനുഷ്യസാന്നിദ്ധ്യം എവിടെയാണെന്ന് സ്‌ക്രീനിൽ അറിയാനാവും. പൊലീസിന്റെ മാവോയിസ്റ്റ് വേട്ടയ്ക്ക് ഇത് ഏറെ ഗുണകരമാകും”.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!