സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം

മതിലകം: സംസ്ഥാനത്തെ അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ ഓൾ ഇന്ത്യ ഫെഡറേഷനും ഫിഫയുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. പുന്നക്കബസാർ സാംസ്കാരിക കേന്ദ്രത്തിന്റെ ‘നാടിന് ഒരു കളിസ്ഥലം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ 1200 കോടി രൂപയാണ് കളിക്കളങ്ങൾ നിർമിക്കാൻ വേണ്ടി മാറ്റിവെച്ചിട്ടുള്ളത്. സംസ്ഥാനത്ത് ചെറുതും വലുതുമായ 52 സ്റ്റേഡിയങ്ങൾ കൂടി ഒരുങ്ങുകയാണ്. എല്ലാ പഞ്ചായത്തുകളിലും സ്പോർട്സ് കൗൺസിലിന് രൂപം നൽകാൻ പഞ്ചായത്തുകൾ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.