ബസ് നിരക്ക് വർധന വിശദ പരിശോധനക്ക് ശേഷം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം : ബസ് നിരക്കു കൂട്ടാനുള്ള ഉത്തരവ് വിശദ പരിശോധനയ്ക്കുശേഷം മതിയെന്ന് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഗതാഗത കമ്മിഷണർ എം.ആർ. അജിത്കുമാറും യോഗത്തിൽ പങ്കെടുത്തു.
2.5 കിലോമീറ്ററിന് 10 രൂപയെന്ന നിലവിൽ പ്രഖ്യാപിച്ച മിനിമം നിരക്കിൽ വ്യത്യാസമുണ്ടാകില്ലെങ്കിലും എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ഇതും പുനഃപരിശോധിക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. 2018ൽ മിനിമം നിരക്ക് 5 കിലോമീറ്ററിന് 7 രൂപയായിരുന്നു. കോവിഡ് സമയത്ത് പകുതി സീറ്റുകളിൽ മാത്രം യാത്രയെന്ന് തീരുമാനിച്ചപ്പോഴാണ് 2.5 കിലോമീറ്ററിന് 8 രൂപയായി മിനിമം നിരക്ക് പുതുക്കിയത്.
ഇപ്പോൾ തീരുമാനിച്ച നിരക്കുവർധന പ്രകാരം മിനിമം ദൂരം 2.5 കിലോമീറ്ററായി നിലനിർത്തുകയും അതിനുള്ള നിരക്ക് 8 രൂപയിൽനിന്ന് 10 രൂപയാക്കുകയും ചെയ്തു. പിന്നീടു വരുന്ന ഓരോ കിലോമീറ്ററിനുമുള്ള നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയുമാക്കി. ഇത് പിന്നീടുള്ള ഓരോ ഫെയർ സ്റ്റേജിലുമെത്തുമ്പോൾ വലിയ വർധനക്ക് കാരണമാകുമെന്ന് വിമർശനമുണ്ട്.
ഫാസ്റ്റിലും സൂപ്പർ ക്ലാസ് ബസുകളിലും ഇങ്ങനെ നിരക്ക് വർധന നടപ്പാക്കിയാൽ ജനത്തിന് താങ്ങാനാകില്ലെന്ന് ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടിയതോടെയാണ് ഫെയർ സ്റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാൻ മന്ത്രി നിർദേശം നൽകിയത്. കെഎസ്ആർടിസി തയാറാക്കിയ നിരക്ക് വർധനയുടെ ശുപാർശയും പുനഃക്രമീകരിക്കാൻ നിർദേശിച്ചു. ഈ പട്ടികയും ഓട്ടോ– ടാക്സി നിരക്ക് വർധനയ്ക്കുള്ള ശുപാർശയും ഒരുമിച്ചാകും മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കുക.
ഇടതുമുന്നണി യോഗത്തിൽ തീരുമാനമെടുത്തതിനാൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ നിരക്ക് വർധനയുടെ ഉത്തരവിറക്കാമെന്നാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ നിരക്ക് വർധന അശാസ്ത്രീയമാണെന്ന് പരാതി ഉയർന്നതിനാൽ മന്ത്രിസഭാ യോഗത്തിലും ഇത് വയ്ക്കാൻ മന്ത്രി നിർദേശിച്ചു.