നാടന്‍ തോക്ക് സഹിതം നായാട്ട് സംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടി

തിരുനെല്ലി (വയനാട്): നാടന്‍ തോക്ക് സഹിതം നായാട്ട് സംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടി. വാളാട് സ്വദേശികളായ എടത്തന കൊല്ലിയില്‍ പുത്തന്‍ മുറ്റം കെ.എ. ചന്ദ്രന്‍ (39), മാക്കുഴി കെ.സി. രാജേഷ് (48), കരിക്കാട്ടില്‍ കെ.സി. വിജയന്‍ (42), പുത്തന്‍ മുറ്റം ഇ.കെ. ബാലന്‍ (44) എന്നിവരാണ് പിടിയിലായത്.
തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മൂലപ്പീടിക ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 07 എ.ഡി 0760 മാരുതി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം.വി. ജയപ്രസാദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസർ വി.കെ. ദാമോദരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി.ആര്‍. പ്രപഞ്ച്, വി.പി. ഹരികൃഷ്ണന്‍, വിഷ്ണു പ്രസാദ്, ഫോറസ്റ്റ് വാച്ചറായ കെ.എം. കുര്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് നായാട്ട് സംഘത്തെ പിടികൂടിയത്.