കലാകാരന്മാർക്ക് സംരക്ഷണ കേന്ദ്രം ഉടൻ: മന്ത്രി സജി ചെറിയാൻ
കൊച്ചി : ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ആശ്രയമില്ലാതായ കലാകാരന്മാർക്കായി സംരക്ഷണകേന്ദ്രം നിർമാണം ഉടൻ ആരംഭിക്കുമെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ. ഇതിന് സ്ഥലം ഏറ്റെടുത്തു. കൊച്ചിയിൽ സിനിമ മ്യൂസിയം ആരംഭിക്കാൻ കോർപറേഷൻ സ്ഥലം കണ്ടെത്തിയാൽ ഉടൻ തുടർനടപടി ആരംഭിക്കും. രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി മേഖലാ പതിപ്പിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സിനിമാമേഖലയിൽ സ്‌ത്രീസുരക്ഷ ഉറപ്പാക്കുന്ന നിയമത്തിന്റെ കരട് തയ്യാറായി. സ്‌ത്രീസുരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാർ നിറവേറ്റും. എല്ലാവരുടെയും സാന്നിധ്യം ഉറപ്പിക്കുന്ന വ്യവസായമായി മലയാളം സിനിമയെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്‌ത്രീകൾ, പട്ടികജാതി, വർഗ വിഭാഗങ്ങൾ, പിന്നോക്കവിഭാഗങ്ങൾ എന്നിവർ സിനിമയിലേക്ക് വരണമെന്നതാണ് സർക്കാർ നയം. സ്‌ത്രീകൾ സംവിധായകരായി മൂന്നുകോടി രൂപ മുടക്കി രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിച്ചു. പട്ടികജാതി, വർഗ വിഭാഗക്കാരെ ഉൾപ്പെടുത്തി രണ്ടു ചിത്രങ്ങൾ മൂന്നുകോടി രൂപ ചെലവിൽ നിർമിച്ചുകൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു