അടുത്തവർഷം മുതൽ കേരള എൻട്രൻസ് ഓൺലൈൻ ആകുന്നു
തിരുവനന്തപുരം : സംസ്ഥാന എൻജിനീയറിങ്–ഫാർമസി പ്രവേശനപരീക്ഷ (കീം) അടുത്ത വർഷം മുതൽ ഓൺലൈൻ ആകുന്നു. ഐ.ഐ.ടി.കളിലേക്കും എൻ.ഐ.ടി.കളിലേക്കും മറ്റുമുള്ള ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്സാം) മാതൃകയാകും ഇവിടെയും നടപ്പാക്കുന്നത്. ഓഫ്‌ലൈൻ പരീക്ഷ ഈ വർഷം കൂടിയേ ഉണ്ടാകൂ.
ഓൺലൈൻ പരീക്ഷാ നടത്തിപ്പിന പ്രവേശനപരീക്ഷാ കമ്മിഷണർ താൽപര്യ പത്രം ക്ഷണിച്ചു. സ്വകാര്യ ഏജൻസികൾക്കും നൽകാം. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഏറെപ്പേർ എഴുതുന്ന ഓൺലൈൻ പരീക്ഷകൾ നടത്തി പരിചയമുള്ള ഏജൻസികളെയാണ് ഉദ്ദേശിക്കുന്നത്. ഓരോ കേന്ദ്രത്തിലും എത്ര പേരെ അനുവദിക്കാം, ആവശ്യമുള്ള കംപ്യൂട്ടറുകളും നെറ്റ് കണക്‌ഷനും ലഭ്യമാക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചുള്ള താൽപര്യ പത്രം ഈ മാസം 13നകം നൽകണം. പരീക്ഷ ഒന്നിച്ചുനടത്താൻ ഒരു ലക്ഷത്തിലേറെ കംപ്യൂട്ടർ ടെർമിനലുകൾ ലഭ്യമാകണം. ഇതിനുള്ള മറ്റ് സാങ്കേതിക സംവിധാനങ്ങളും വേണം.
നിലവിൽ എം.ബി.എ, എൽ.എൽ.എം, എൽ.എൽ.ബി പ്രവേശനപരീക്ഷകൾ പ്രവേശനപരീക്ഷാ കമ്മിഷണർ ഓൺലൈനായാണ് നടത്തുന്നത്. കൂടുതൽ പേർ പങ്കെടുക്കുന്നതിനാൽ എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ ഈ രീതിയിൽ കമ്മിഷണർക്ക് ഒറ്റയ്ക്ക് നടത്താനാവില്ല. കഴിഞ്ഞവർഷം 1,12,097 വിദ്യാർഥികളാണ് അപേക്ഷിച്ചത്. അതിനാലാണ് പരിചയമുള്ള ഏജൻസികളുടെ സഹകരണം തേടുന്നത്. അതേസമയം, ചോദ്യക്കടലാസ് അപ്‌ലോഡ് ചെയ്യുന്നതും പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കുന്നതും പ്രവേശനപരീക്ഷാ കമ്മിഷണർ തന്നെയാകാനാണ് സാധ്യത.
വിദ്യാർഥികൾക്ക് മെച്ചം
ഓൺലൈനാകുന്നത് വിദ്യാർഥികൾക്ക് ഗുണകരമാകും. ഇപ്പോഴത്തെ പരീക്ഷയിൽ ഒ.എം.ആർ ഷീറ്റിൽ ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ പിന്നെ മാറ്റാനാകില്ല. ഓൺലൈൻ പരീക്ഷയിൽ ആദ്യം രേഖപ്പെടുത്തുന്ന ഉത്തരം തെറ്റെന്ന് തോന്നിയാൽ മാറ്റി പുതിയ ഓപ്ഷൻ നൽകാം. ചോദ്യക്കടലാസിന്റെയും ഒ.എം.ആർ ഷീറ്റിന്റെയും അച്ചടി ഒഴിവാക്കാം. ഒ.എം.ആർ ഷീറ്റുകൾ സ്കാൻ ചെയ്യുന്ന ജോലിയും ഒഴിവാകും.