മരണമുഖത്തുനിന്ന് അത്ഭുത രക്ഷപ്പെടല്‍; ഷാദു റഹ്‌മാന് പുതിയ സൈക്കിളും ബോധവത്കരണവുമായി തളിപ്പറമ്പിലെ വ്യാപാരികള്‍

തളിപ്പറമ്പ്: വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന പാതയിലേക്ക് പാഞ്ഞെത്തിയ സൈക്കിളിലിരുന്ന കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടലിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ബസ് കയറി സൈക്കിള്‍ പൂർണമായും തകർന്നുപോയിരുന്നു. തളിപ്പറമ്പിനടുത്ത് ചെറുക്കളയില്‍ വെച്ചുണ്ടായ അപകടത്തില്‍ മൂന്നാം ക്ലാസ് വിദ്യാർഥി ഷാദു റഹ്‌മാനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഷാദു റഹ്‌മാന് പുതിയ സൈക്കിള്‍ നല്‍കിയിരിക്കുകയാണ് തളിപ്പറമ്പിലെ വ്യാപാരികള്‍.
സംഭവം സമീപത്തെ വീട്ടിലെ സി.സി.ടി.വി. ക്യാമറ വഴിയാണ് പുറംലോകം കാണാനിടയായത്. സൈക്കിൾ തകർന്നതിലുള്ള കുട്ടിയുടെ നിരാശയകറ്റാനും സൈക്കിൾയാത്ര സംബന്ധിച്ച് ബോധവത്കരണത്തിനുമായിട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പുതിയ സൈക്കിൾ നൽകിയത്. കെ.എസ്.റിയാസ് അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പി. ടി.കെ.രത്‌നകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് ദേവസ്യ മേച്ചേരി, ജില്ലാ ജനറൽ സെക്രട്ടറി പി.ബാസിദ്, കെ.സുരേന്ദ്രൻ, വി.താജുദ്ദീൻ, പി.സിദ്ധീഖ്, ഐ.ദിവാകരൻ, ടി.ജയരാജൻ, മുസ്തഫ എന്നിവർ സംസാരിച്ചു.