കൃഷിയിടത്തിൽ ശല്യമുണ്ടാക്കി വിളകൾ നശിപ്പിക്കുന്ന മൃഗങ്ങളും പക്ഷികളും എല്ലാ കർഷകരുടെയും പേടിസ്വപ്‌നമാണ്. ഇവയെ പ്രതിരോധിക്കാനായി വൈക്കോൽ കോലങ്ങളും മറ്റു മാർഗങ്ങളുമൊക്കെ ഇന്ത്യയെ കർഷകർ കൃഷിയിടങ്ങളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമായ ഒരു വിദ്യയുമായി വന്നിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള കർഷകനായ ഭാസ്‌കർ റെഡ്ഡി.
തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ നിന്നുള്ള ഭാസ്‌കർ റെഡ്ഡിക്ക് അവിടെ ഏക്കറുകണക്കിന് പാടമുണ്ട്. പാടം ഇപ്പോൾ വിളഞ്ഞുകിടക്കുകയാണ്. ഇതിൽ നിന്നുള്ള വരുമാനമാണ് ഭാസ്‌കറിന്റെ ജീവിതമാർഗം. എന്നാൽ പ്രദേശത്തുള്ള കുരങ്ങൻമാരുടെയും കാട്ടുപന്നികളുടെയും ശല്യം ഇവിടങ്ങളിൽ കൃഷിക്ക് വലിയൊരു പ്രതിസന്ധിയാണ്. ഇതിനെ മറികടക്കാനായാണ് കരടിവേഷം കെട്ടാൻ ഭാസ്‌കർ തീരുമാനിച്ചത്. ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന സ്ലോത്ത് കരടിയുടെ വേഷമാണ് ഭാസ്‌കർ അണിയുന്നത്. വേഷം അണിഞ്ഞ ശേഷം പാടത്തുടനീളം റോന്തുചുറ്റും. ഭാസ്‌കറിന് സമയമില്ലാത്തപ്പോൾ മകനും കരടിയാകാറുണ്ട്. എന്നാൽ ഈയിടെയായി രണ്ടുപേർക്കും തിരക്കായതോടെ ഒരാളെ കരടിയായി നിയമിച്ചു. കരടിവേഷം കെട്ടുന്നതിന് പ്രതിദിനം 500 രൂപയാണ് ഭാസ്‌കർ ഇയാൾക്ക് നൽകുന്നത്.
ഹൈദരാബാദിലെ ഒരു ചമയാലങ്കാര സ്ഥാപനത്തിൽ നിന്നാണ് ഭാസ്‌കർ കരടിവേഷം വാങ്ങിയത്. നാടകട്രൂപ്പുകൾക്ക് വസ്ത്രങ്ങൾ രൂപകൽപന ചെയ്തു കൊടുക്കുന്ന സ്ഥാപനമാണിത്. പതിനായിരം രൂപ വേഷത്തിനു മാത്രമായി ചെലവായെന്ന് ഭാസ്‌കർ പറയുന്നു. റെക്‌സിൻ കൊണ്ട് നിർമിച്ച ഈ വേഷം കടുത്ത ചൂടുള്ള ഈ വേനൽക്കാലത്ത് ധരിച്ചുകൊണ്ടു നടക്കുന്നത് ശ്രമകരമായ ജോലിയാണെന്നു ഭാസ്‌കർ പറയുന്നു. ചൂടാകുമ്പോൾ വേഷം ശരീരത്തോട് ഒട്ടിപ്പിടിച്ചു കിടക്കുകയും ധരിക്കുന്നയാൾക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെ ചില്ലറ പ്രശ്‌നങ്ങളുണ്ടെങ്കിലും തന്റെ കരടി വേഷം മാറൽ തന്ത്രം വളരെ മികവുറ്റതാണെന്ന് ഭാസ്‌കർ പറയുന്നു. കരടിവേഷം കണ്ട് പേടിച്ച് ശല്യമുണ്ടാക്കുന്ന മൃഗങ്ങൾ ഭാസ്‌കറിന്റെ പാടത്ത് കയറാറില്ലത്രേ.
ഭാസ്‌കറിന്റെ വിചിത്രമായ കഥ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. കരടിവേഷമൊക്കെ ഓക്കെയാണ്, പക്ഷേ അതു കണ്ട് യഥാർഥ കരടികളൊന്നും അടുത്തുവരാതെ സൂക്ഷിക്കാൻ ചിലർ ഭാസ്‌കറിനെ ഉപദേശിക്കുന്നുമുണ്ട്. തെലങ്കാനയിൽ നിന്നുള്ള ജയ്പാൽ റെഡ്ഡി എന്ന മറ്റൊരു കർഷകനും കുരങ്ങൻമാരെ പേടിപ്പിക്കാനായി പുതിയൊരു തന്ത്രം ചെയ്തിരുന്നു. തെലങ്കാനയിലെ സിർസിലയിൽ നിന്നുള്ള ജയ്പാൽ പക്ഷേ കരടിയെയല്ല, മറിച്ചൊരു കടുവയെയാണ് തന്റെ പാടത്ത് സ്ഥാപിച്ചത്. യഥാർഥ കടുവയോട് വളരെയേറെ സാമ്യമുള്ള ഒരു പാവക്കടുവയാണ് ഇത്.
കഴിഞ്ഞ കുറേ വർഷങ്ങളായി തന്‌റെ കൃഷിഫലത്തിൽ നല്ലൊരു പങ്കും കുരങ്ങൻമാർ നശിപ്പിച്ചതോടെയാണ് ഈ പ്രതിവിധിയിലേക്കു ജയ്പാൽ തിരിഞ്ഞത്. കൂട്ടുകാരായ കർഷകരോട് കുരങ്ങൻമാരെ തടയാൻ എന്താണു മാർഗമെന്നു ചോദിച്ചപ്പോൾ വൈദ്യുത വേലി സ്ഥാപിക്കാനാണു പറഞ്ഞത്. എന്നാൽ കുരങ്ങൻമാരെ വൈദ്യുതാഘാതമേൽപ്പിച്ച് കൊല്ലാൻ തനിക്ക് ഇഷ്ടമല്ലെന്നും അതിനാലാണ് നിരുപദ്രവകരമായ ഈ മാർഗത്തിലേക്ക് തിരിഞ്ഞതെന്നും ജയ്പാൽ പറയുന്നു. ഏതായാലും വിദ്യ ഫലിച്ചു. പാടത്തു തുറിച്ചുനോക്കി നിൽക്കുന്ന കടുവയെ കണ്ട് പേടിച്ച് കുരങ്ങൻമാർ സ്ഥലം വിടാറാണ് പതിവ്. ഇത്തവണത്തെ വിളവ് തനിക്ക് ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് ജയ്പാൽ റെഡ്ഡിയും.