പഠിച്ച പുസ്തകങ്ങൾ പാഴാക്കേണ്ട : ഇരിക്കൂർ എച്ച്.എസ്.എസ്സിൽ ‘പുസ്തകപ്പൂരം’

ഇരിക്കൂർ : പരീക്ഷ തീരുന്ന ദിവസം പഠിച്ചുകഴിഞ്ഞ പുസ്തകങ്ങൾ തുണ്ടംതുണ്ടമായി കീറി ആകാശത്തേക്കെറിഞ്ഞ് രസിക്കുന്നത് ഒഴിവാക്കാൻ അധ്യാപകർ പുതിയ മാർഗം കണ്ടെത്തി. ഓരോ ദിവസത്തെ പരീക്ഷ കഴിയുമ്പോഴും ആ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ശേഖരിക്കാൻ സംവിധാനമൊരുക്കുക. ഇതിന് ‘പുസ്തകപ്പൂരം’ എന്ന പേരും നൽകി. പത്താം ക്ലാസ് പരീക്ഷ കഴിയുന്ന കുട്ടികളുടെ പുസ്തകങ്ങൾ ശേഖരിച്ച് അടുത്തവർഷം പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി.
പരീക്ഷ കഴിഞ്ഞാൽ വഴിനീളെ പുസ്തകങ്ങൾ കീറിക്കളഞ്ഞ് രസിക്കുന്ന മോശം പ്രവണതയ്ക്ക് കടിഞ്ഞാണിടുകയും ചെയ്യാം. പ്രഥമാധ്യാപിക വി.സി. ശൈലജ, എ.സി.റുബീന, സ്റ്റാഫ് സെക്രട്ടറി ഇ.പി. ജയപ്രകാശ്, കെ.പി. സുനിൽകുമാർ, വി.വി. സുനേഷ്, ടി. സുനിൽകുമാർ, സി. സുൾഫിക്കർ, മുഹമ്മദ് അസ്‌ലം, കെ.എ. അബ്ദുള്ള എന്നിവർ മുൻകൈയെടുത്താണ് പുസ്തകശേഖരണത്തിനുള്ള സംവിധാനമൊരുക്കിയത്.