ഇരിട്ടി പെരുമ്പറമ്പിൽ ശുദ്ധജലത്തിലെ കൂട് മത്സ്യത്തിന് ആവശ്യക്കാർ ഏറുന്നു

Share our post

ഇരിട്ടി : ശുദ്ധജലത്തിലെ കൂട് മത്സ്യത്തിന് ആവശ്യക്കാർ ഏറുന്നു. പുഴയിൽനിന്ന്‌ പിടിച്ച് കൺമുന്നിൽ പിടക്കുന്ന മത്സ്യം ആവശ്യക്കാർക്ക് നല്കുന്നതിനുള്ള സൗകര്യമാണ് കൂട് മത്സ്യക്കൃഷിയെ സജീവമാക്കുന്നത്.

നാലുവർഷം മുൻപാണ് സംസ്ഥാനത്ത്‌ ആദ്യമായി മൂന്നുകോടി രൂപ ചെലവിൽ സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി മുഖേന പഴശ്ശി ജലാശയത്തിൽ ശുദ്ധജലാശയ മത്സ്യം വളർത്തൽ പദ്ധതി നടപ്പാക്കിയത്. ഗിഫ്റ്റ് തിലോപ്പിയ, കോമൺ കാർപ്പ് ഇനം മത്സ്യങ്ങളാണ് വളർത്തിയത്. പഴശ്ശി ജലാശയത്തിൽ ചെറിയ ഭാഗം ലീസിനെടുത്താണ് പൈലറ്റ് പദ്ധതിയെന്ന നിലയിൽ കൃഷിയാരംഭിച്ചത്. പദ്ധതി വിജയത്തിലെത്തിയതോടെ മലമ്പുഴ ഡാമിലും പദ്ധതി തുടങ്ങി. കൺമുന്നിൽ ചൂണ്ടിക്കാണിക്കുന്ന മീൻ തിരഞ്ഞെടുത്ത് വാങ്ങാമെന്ന സവിശേഷതയുള്ള ശുദ്ധജലാശയ മത്സ്യക്കൃഷി പദ്ധതി നല്ല സ്വീകാര്യത നേടിക്കഴിഞ്ഞു.

പഴശ്ശി ജലാശയത്തിലെ കൂട് മത്സ്യക്കൃഷിയിൽ 60,000-ത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് വളർത്തിയെടുത്തത്. ഇവയെല്ലാം പൂർണ വളർച്ചയെത്തി വില്പനയ്ക്ക് തയ്യാറായി. പഴശ്ശിരാജാ മത്സ്യകർഷക സ്വയം സഹായസംഘം മുഖേനയാണ് നടത്തിപ്പ്. ആറുമാസം വളർച്ചയെത്തിയ മത്സ്യങ്ങളെയാണ് ജലാശയത്തിൽനിന്ന് തത്‌സമയം പിടിച്ച് തൂക്കി വിൽക്കുന്നത്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയോടുചേർന്ന് പെരുമ്പറമ്പിൽ മത്സ്യം വിൽപ്പനയ്ക്കായി പുഴക്കരയിൽ പ്രത്യേക സ്റ്റാൾ ഒരുക്കി.

കിലോയ്ക്ക് 200 രൂപ നിരക്കിലാണ് തിലോപ്പിയ വിൽക്കുന്നത്. മത്സ്യക്കൃഷിയുടെ വിളവെടുപ്പ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ആദ്യ വിൽപ്പന ഏറ്റുവാങ്ങി. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു. പി.എം.ദിവാകരൻ, എ.കെ.നാരായണൻ, പി.വി.വിനോദൻ എന്നിവർ സംസാരിച്ചു. മത്സ്യമാർക്കറ്റിൽ കടൽമത്സ്യത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനാൽ നല്ല ഡിമാൻഡുണ്ടെന്ന് മത്സ്യക്കർഷക സ്വയം സഹായസംഘം ഭാരവാഹികളായ പി.എം.ദിവാകരൻ, എ.കെ.നാരായണൻ എന്നിവർ പറഞ്ഞു. ഫോൺ: 9645645006.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!