പയ്യന്നൂരിൽ വിവരാവകാശം നിഷേധിച്ച കെ.എസ്.ഇ.ബി ഓഫിസർക്ക് 25000 രൂപ പിഴ

കണ്ണൂർ: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേൽ വിവരം നിഷേധിച്ചതിന് കെ.എസ്.ഇ.ബി പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ എൻ. രാജീവിൽനിന്ന് 25000 രൂപ പിഴയീടാക്കാൻ സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടു.
അപേക്ഷകനായ പയ്യന്നൂർ കണ്ടങ്കാളി കോടിയത്ത് ദേവസൂര്യയിൽ കെ.പി. ജനാർദനൻ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് കമീഷന്റെ ഉത്തരവ്.വിവരം നൽകുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ 108 ദിവസത്തെ കാലതാമസം വരുത്തിയെന്നും ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കമീഷണർ വ്യക്തമാക്കി.
2022 ജൂൺ 23ന് സമർപ്പിച്ച അപേക്ഷയിന്മേൽ നവംബർ ഒമ്പതിനാണ് മറുപടി നൽകിയത്. 138 ദിവസത്തെ കാലതാമസമാണ് വരുത്തിയത്. തുകയടക്കാത്ത പക്ഷം ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നും അല്ലെങ്കിൽ ജപ്തിയിലൂടെ സംഖ്യ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.