ആരോഗ്യവകുപ്പ് മന്ത്രിയുടെ ഉറപ്പും പാഴായി; പേരാവൂർ താലൂക്കാസ്പത്രിയുടെ കെട്ടിട നിർമാണം പ്രതിസന്ധിയിൽ
പേരാവൂർ: 2021-ൽ തറക്കല്ലിട്ട ശേഷം പ്രവൃത്തി നിലച്ച പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും തുടങ്ങാനായില്ല.പുതിയ കെട്ടിടത്തിനായി നിലവിലെ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചതോടെ ഏറെ ദുരിതത്തിലാവുകയാണ് മലയോരത്തെ ആയിരക്കണക്കിന് നിർധന രോഗികൾ.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 2020-ലാണ്52 കോടിയുടെ ഫണ്ടനുവദിച്ചത്.2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ തറക്കല്ലിടുകയും ഏഴുനിലയുള്ള കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിർമാണത്തിന് 22,03,99,000 രൂപ അനുവദിക്കുകയും ചെയ്തു.അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ കെട്ടിടസമുച്ചയത്തിനായി അതേവർഷം ജൂലായിൽ നിലവിലുണ്ടായിരുന്ന മൂന്ന് കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്തു.
ആസ്പത്രി ഭൂമിയിലൂടെ പൊതുവഴിയുണ്ടെന്നും ബഹുനിലകെട്ടിടം പ്രസ്തുത വഴിയില്ലാതാക്കുമെന്നും കാണിച്ച് സമീപ വാസികളായ രണ്ട് പേർ ആസ്പത്രി രൂപരേഖക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ വഷളായത്.
ഹർജിക്കാരുടെ പരാതിയിൽ കോടതി സ്റ്റേ അനുവദിക്കുകയും കെട്ടിട നിർമാണം തുടക്കത്തിൽ തന്നെ നിലക്കുകയും ചെയ്തു.സി.പി.എം ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണ് ആസ്പത്രി.ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും സ്റ്റേ ഒഴിവാക്കാനോ കേസ് തീർപ്പാക്കാനോ ശ്രമം നടത്തിയിരുന്നില്ല.
2022 ജൂലായിൽ ആസ്പത്രിയിലെ വിവിധ വാർഡുകളുടെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ് കേസുകൾ കാരണം നിർമാണം നിലച്ചതിനെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ബഹുനില കെട്ടിടം ഉടൻ പൂർത്തിയാവുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.എന്നാൽ,വർഷം ഒന്നായിട്ടും മന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല.
കേസ് നീണ്ടതോടെ പൊതു പ്രവർത്തകനായ ബേബി കുര്യൻ കേസിൽ കക്ഷി ചേർന്ന് വിവരാവകാശം വഴി നേടിയ രേഖകൾ ഹാജരാക്കുകയും ഹൈക്കോടതി സ്റ്റേ പിൻവലിക്കുകയും ചെയ്തു.ഇതിനു ശേഷം ഒന്നാംഘട്ട നിർമാണത്തിനനുവദിച്ച തുക റിവൈസ് ചെയ്ത് 34 കോടി കോടിയുടെ പുതുക്കിയ ടെണ്ടർ വെച്ചെങ്കിലും കേസുകൾ നിലനില്ക്കുന്നതിനാൽ ടെണ്ടർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാവാത്ത സ്ഥിതിയാണ്.
ആറളം പുനരധിവാസ കേന്ദ്രത്തിലേയും പേരാവൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലെയും സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ ആസ്പത്രി.നിർമാണം നീളുന്ന പക്ഷം 2020-ൽ അനുവദിച്ച കിഫ്ബി ഫണ്ട് പാഴാവുമോയെന്ന ആശങ്കയിലാണ് മലയോരത്തെ നിർധന രോഗികൾ.ആസ്പത്രിയുടെ നിർമാണം തുടങ്ങാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
