തൃശ്ശൂരിൽ വന്‍ കവർച്ച; കാറിലെത്തിയ സംഘം തട്ടിയെടുത്തത് മൂന്ന് കിലോയുടെ സ്വർണാഭരണങ്ങൾ

Share our post

തൃശ്ശൂര്‍: നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. തൃശ്ശൂരിലെ ആഭരണനിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ചാണ് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഡി.പി. ചെയിന്‍സ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി സ്ഥാപനത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ വെള്ളനിറത്തിലുള്ള കാറിലെത്തിയ സംഘം ആക്രമിച്ചെന്നും ആഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് മോഷ്ടിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന സ്ഥാപനമാണ് ഡി.പി. ചെയിന്‍. കഴിഞ്ഞദിവസം രാത്രി കന്യാകുമാരി ഭാഗത്തെ ജൂവലറികളില്‍ നല്‍കാനുള്ള മൂന്നുകിലോയോളം തൂക്കംവരുന്ന ആഭരണങ്ങളുമായാണ് ജീവനക്കാര്‍ സ്ഥാപനത്തില്‍നിന്ന് പോയത്. സ്ഥാപനത്തില്‍നിന്ന് പുറത്തിറങ്ങി സമീപത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ജീവനക്കാരെ ആക്രമിച്ചത്. പിന്നാലെ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കവര്‍ച്ചാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.

സംഭവം ആസൂത്രിതമായ കവര്‍ച്ചയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ഥാപനവും റെയില്‍വേസ്‌റ്റേഷനും തമ്മില്‍ ഏകദേശം അരക്കിലോമീറ്റര്‍ ദൂരമേയുള്ളൂ. അതിനാല്‍, സ്ഥാപനത്തിലെ ജീവനക്കാരെ കൃത്യമായി നിരീക്ഷിച്ച് ഇവര്‍ പോകുന്നസമയം മനസിലാക്കിയാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്നും പോലീസ് കരുതുന്നു.

സംഭവത്തില്‍ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജീവനക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരുടെ ഫോണ്‍വിളി വിവരങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!