കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ആത്മഹത്യചെയ്തു, ഏഴുവയസുകാരിയുടെ നില ഗുരുതരം

കോട്ടയം: രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് വിദ്യാർഥിനികളായ 13, 10, ഏഴ് വയസുവീതം പ്രായമുള്ള പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്. പരിക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുവയസുകാരിയുടെ നില അതീവഗുരുതരമാണ്.
കഴിഞ്ഞ ദിവസം രാത്രി 12.30ഓടുകൂടിയായിരുന്നു അതിദാരുണ സംഭവം. പെൺകുട്ടികൾ നിലവിളിച്ചതിനെത്തുടർന്ന് അയൽവാസികളെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രാമപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
ജോമോനും ഭാര്യയും കഴിഞ്ഞ ഒന്നരവർഷമായി അകൽച്ചയിൽ ആയിരുന്നു. അതിനാൽ ജോമോൻ പെൺകുട്ടികളുമായി ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. കുടുംബ പ്രശ്നങ്ങളായിരിക്കാം ഇത്തരത്തിൽ കൊടും ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)