28-ാം മൈലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍

കണിച്ചാര്‍ : തലശ്ശേരി – മാനന്തവാടി അന്ത:സംസ്ഥാന പാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. കണിച്ചാര്‍ പഞ്ചായത്തിലെ 28-ാം മൈല്‍ സ്‌റ്റോപ്പിലുളള പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമാണ് കാലപ്പഴക്കം മൂലം ഏത് നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലായത്.
പ്രദേശവാസികൾക്ക് ആശ്വാസമായിരുന്ന കാത്തിരിപ്പ് കേന്ദ്രം ജീര്‍ണ്ണിച്ച് നിലം പൊത്താറായ നിലയിലാണിപ്പോൾ. പൂളക്കുറ്റി വഴി നെടുംപുറംചാല്‍, കൊളക്കാട്, പേരാവൂര്‍ എന്നിവടങ്ങളിലേക്കുളള എളുപ്പ വഴികൂടിയാണ് ഇവിടം. കേന്ദ്രത്തിന്റെ മേല്‍കൂരയുടെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ പുറത്ത് വന്ന നിലയിലാണ്. മേൽക്കൂരയുടെ മുകളില്‍ പുല്ല് കയറിയ നിലയിലുമാണ്. തകര്‍ന്നു വീഴാറായ കേന്ദ്രം ബസ് കാത്തിരിപ്പുകാര്‍ക്ക് തന്നെ ഭീഷണിയാവുകയാണ്. ഇതിന്റെ ദുരവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.