യാത്രക്കാർക്ക് ഭീഷണിയായി റോഡിലെ കുഴികൾ

കണിച്ചാർ: യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി കണിച്ചാർ ടൗണിലെ വലിയകുഴികൾ. വൈദ്യുതി പോസ്റ്റിന് സമീപം തന്നെയുള്ള വലിയ കുഴികൾ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കണിച്ചാർ ടൗണില റോഡിന്റെ ഒരു വശം മുതൽ നടുഭാഗം വരെ വലിയ വിസ്തൃതിയിലാണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുഴികൾ മൂലം വാഹനങ്ങൾക്ക് ഒരു സൈഡിൽ കൂടി പോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. പലപ്പോഴും കുഴികൾ വെട്ടിച്ചാണ് വാഹനങ്ങൾ എതിർ ദിശയിലൂടെയാണ് കടന്നുപോകുന്നത്.
കുഴി ഉണ്ടെന്നറിയാതെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ കുഴിയിൽ വീണ് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.റോഡിലെ കുഴികളിൽ സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇത് റോഡിലെ ഉറവ ആണെന്നും കേബിൾ ഇടാൻ വേണ്ടി ഇട്ട പൈപ്പിൽ കൂടി കടന്നു വരുന്ന വെള്ളമാണെന്നുമാണ്, നാട്ടുകാർ പറയുന്നത്.
പ്രധാന കുഴികൾ കാണുന്നില്ല!വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർക്ക് കുഴിയുടെ ആഴം അറിയാതെ പോവുകയും അത് വലിയ അപകടങ്ങൾക്കുള്ള ആക്കം കൂട്ടുകയും ചെയ്യുന്നു. മണത്തണ മുതൽ അമ്പായത്തോട് വരെ റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ടെങ്കിലും കണിച്ചാർ ടൗണിലെ കുഴികൾ അടയ്ക്കാതെയാണ് അറ്റകുറ്റ പ്രവൃത്തി നടത്തിയതെന്നും ആക്ഷേപമുണ്ട്.