അഞ്ചുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മുംബൈ: അഞ്ചുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥികളായ 15, 13 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ചയാണ് അഞ്ചുവയസ്സുകാരിക്ക് നേരേ അതിക്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതികളായ ആണ്‍കുട്ടികള്‍ അഞ്ചുവയസ്സുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയും പോലീസ് പ്രതികളെ വീടുകളില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
അറസ്റ്റിലായ രണ്ടുപേരും പെണ്‍കുട്ടിയുടെ അയല്‍ക്കാരാണ്. ഇരുവരെയും പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പരിചയമുള്ളവരായതിനാലാണ് പെണ്‍കുട്ടി പ്രതികള്‍ക്കൊപ്പം പോയതെന്നും എന്നാല്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഇരുവരും കുട്ടിയെ ഉപദ്രവിച്ചെന്നുമാണ് പോലീസ് പറയുന്നത്.
സംഭവത്തിന് ശേഷം ഇരുവരും ഒന്നുമറിയാത്തപോലെ അവരവരുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇവര്‍ക്കെതിരേ പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതികളുടെ കുടുംബങ്ങളും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ നല്ലബന്ധത്തിലാണെന്നും മറ്റുപ്രശ്‌നങ്ങളില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.