നായ കടിച്ചാൽ പെട്ടു; ഗവ. ആസ്പത്രികളിൽ പേവിഷ പ്രതിരോധ സിറമില്ല

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഒട്ടുമിക്ക സർക്കാർ ആസ്പത്രികളിലും പേവിഷ പ്രതിരോധത്തിനുള്ള ആന്റി റാബീസ് സിറം (ഇമ്യൂണോഗ്ലോബുലിൻ) കിട്ടാനില്ല. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ഇതാണ് അവസ്ഥ. തെരുവുനായകളുടെ കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്നവർക്ക് നിലവിൽ ആന്റിറാബീസ് വാക്സിൻ മാത്രമാണ് (ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ) സർക്കാർ ആസ്പത്രികളിൽ നൽകുന്നത്. സാരമായി മുറിവേൽക്കുന്നവർക്ക് മുറിവിന് ചുറ്റും കുത്തിവെക്കുന്നതാണ് ഇമ്യൂണോഗ്ലോബുലിൻ.

സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വലിയ വിലകൊടുത്ത് കുത്തിവെപ്പെടുക്കേണ്ട സാഹചര്യമാണുള്ളത്. ഒരു വയലിന് 570 രൂപ ചുരുങ്ങിയത് വേണം. നായകളുടെയും മറ്റും കടിയേറ്റുവരുന്ന 90 ശതമാനമാളുകളിലും ആന്റി റാബീസ് സിറം കുത്തിവെക്കേണ്ടിവരാറുണ്ട്. രണ്ടുമാസത്തിലേറെയായി സർക്കാർ സ്ഥാപനങ്ങളിൽ ഇമ്യൂണോഗ്ലോബുലിൻ സ്റ്റോക്കില്ല. ലോക്കൽ പർച്ചേസിലൂടെ വാങ്ങി തത്കാലം പ്രശ്നം പരിഹരിക്കുകയാണ്‌. എന്നാൽ വലിയ ചെലവ് വരുമെന്നതിനാൽ ഇതും നിലച്ചു.

സംസ്ഥാന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേനയുള്ള ആന്റി റാബീസ് സിറം വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. ടെൻഡർ നടപടി വൈകിയതാണ് സിറം ലഭ്യത ഇല്ലാതാക്കിയത്.

രണ്ട് തരം പ്രതിരോധം

ആന്റിറാബീസ് വാക്സിൻ, ഇമ്യൂണോഗ്ലോബുലിൻ എന്നീ രണ്ട് മരുന്നുകളാണ് പ്രധാനമായി പേവിഷ പ്രതിരോധചികിത്സയ്ക്കുപയോഗിക്കുന്നത്. വിഷബാധയ്ക്കുള്ള സാധ്യത നിശ്ചയിച്ചാണ് ചികിത്സ നൽകുക. മുറിവിന് ചുറ്റുമായി എടുക്കുന്ന ഇമ്യൂണോഗ്ലോബുലിനുകൾ പെട്ടെന്ന് പ്രതിരോധം നൽകും. ആൻറി റാബീസ് വാക്‌സിൻ കുത്തിവെച്ച് ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാകാൻ സമയമെടുക്കും. ഈ കാലയളവിൽ പെട്ടെന്ന് പ്രതിരോധം നൽകുന്ന ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.

ജില്ലാ ആസ്പത്രിയിൽ സ്റ്റോക്കില്ല

കണ്ണൂർ ജില്ലാ ആസ്പത്രിയിൽ നിലവിൽ സ്റ്റോക്കില്ല. ചുരുങ്ങിയത് 60 പേർക്ക് ആൻറി റാബീസ് ഇമ്യൂണോഗ്ലോബുലിൻ ദിവസവും ആവശ്യമായി വരാറുണ്ട്. സമീപ ആസ്പത്രികളിൽ ക്ഷാമം വരുമ്പോൾ ഇത്‌ ഇരട്ടിയിലേറെയാകും. വിലകൂടിയ മരുന്ന് നിരന്തരം പുറമേനിന്ന് വാങ്ങാവുന്ന സാഹചര്യം നിലവിലില്ല.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും സൗജന്യ മരുന്ന് ഇല്ല. എച്ച്.ഡി.സി. ഫാർമസിയിൽ അത്യാവശ്യത്തിന് ലഭ്യമാണ്. വില നൽകണം. തലശ്ശേരി ജനറൽ ആസ്പത്രിയിൽ സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ മുൻകൈയെടുത്ത് സ്പോൺസർഷിപ്പ് മുഖേന കുറച്ച് സിറം ശേഖരിച്ചിരിക്കയാണ്. ഇത് എത്രനാൾ തികയുമെന്ന് പറയാനാകില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!