എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്‌; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും 1,20,000 രൂപ പിഴയും

Share our post

കൊച്ചി : എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം കരയിൽ കാറോട്ട് വീട്ടിൽ അനിൽ കുമാറിനെയാണ് (55) എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്‌പദ സംഭവം.
അനിൽകുമാർ സെക്യൂരിറ്റിക്കാരനായി ജോലിചെയ്‌തിരുന്ന ഫ്ലാറ്റിലെ കുട്ടിയെ സെക്യൂരിറ്റി ക്യാബിനകത്തേക്ക് തന്ത്രപൂർവ്വം വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി അമ്മയോട്  കാര്യം പറഞ്ഞു. തുടർന്ന് കുട്ടിയുടെ മൊഴിയിൽ പൊലീസ്‌ കേസെടുക്കുകയും പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതലയുള്ളയാൾ തന്നെ ഇത്തരത്തിലുള്ള ഒരു ക്രൂരകൃത്യം എട്ട്‌ വയസ്സുകാരിയോട് കാണിച്ചതിനാൽ യാതൊരു ദയയും പ്രതി അർഹിക്കുന്നില്ല. ഇക്കാരണത്താലാണ്‌ കനത്ത ശിക്ഷ നൽകുന്നതെന്നും കോടതി വിധിയിൽ ൽ വ്യക്തമാക്കി. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.  
ജീവിതാന്ത്യം തടവ് കൂടാതെ മറ്റു വകുപ്പുകളിൽ 16 വർഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഇൻഫോപാർക്ക് എസ്‌.എച്ച്‌.ഒ.യായിരുന്ന പി.കെ. രാധാമണി, എസ്‌.ഐ എ.എൻ.  ഷാജു എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു, സരുൺ മാങ്കറ എന്നിവർ ഹാജരായി.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!