പ്രിയ അധ്യാപിക രത്ന നായരെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കണ്ണൂരിൽ എത്തുന്നു

Share our post

കണ്ണൂർ: ഉപരാഷ്ട്രപതിപദം ഏറ്റെടുത്തതിനുശേഷം ജഗദീപ് ധൻകർ തന്റെ ഗണിതാധ്യാപികയായിരുന്ന രത്ന ടീച്ചറോടു പറഞ്ഞു, ‘ടീച്ചറെ കാണാൻ ഞാൻ വരും’. ഒരു വർഷം പൂർത്തിയാകുന്നതിനു മുൻ‍പേ ജഗദീപ് തന്റെ വാക്കു പാലിച്ചു. പാനൂർ ചമ്പാട് ആനന്ദവീട്ടിൽ രത്ന നായരെ(83) കാണാൻ ഈ 22ന് ഉപരാഷ്ട്രപതിയെത്തും.

1968ലെ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിലാണു ജഗദീപ് ധൻകറെ രത്ന പഠിപ്പിക്കുന്നത്. ‘ആ ബാച്ചിൽ 80 കുട്ടികളുണ്ടായിരുന്നെന്നാണ് ഓർമ.

മിടുക്കനായിരുന്നു ജഗദീപ്. ഗ്രാമത്തിലെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നിന്നാണ് ആറാം ക്ലാസിലേക്കു സൈനിക സ്കൂളിൽ ചേരുന്നത്. വന്ന സമയത്ത് ഇംഗ്ലിഷ് അത്ര വഴങ്ങില്ലായിരുന്നു.

പക്ഷേ, കൃത്യമായ പരിശീലനവും കഠിനാധ്വാനവും കൊണ്ടു വളരെക്കുറച്ചു സമയംകൊണ്ട് ഇംഗ്ലിഷിലെന്നല്ല, എല്ലാ വിഷയങ്ങളിലും ഒന്നാമതെത്തി. ജഗദീപിന്റെ മൂത്തസഹോദരൻ കുൽദീപിനെയും ഞാൻ പഠിപ്പിച്ചിട്ടുണ്ട്’, രത്ന പറഞ്ഞു.

2019ൽ ബംഗാളിൽ ഗവർണറായി സ്ഥാനമേറ്റപ്പോഴും ജഗദീപ് ധൻകർ തന്റെ ടീച്ചറെ വിളിച്ചിരുന്നു. ‘ഇന്ന് സംസ്ഥാനത്തിന്റെ പ്രഥമ പൗരനായി. അധികം വൈകാതെ രാജ്യത്തിന്റെ പ്രഥമ പൗരനാകട്ടെ’ എന്നായിരുന്നു രത്നയുടെ ആശംസ.

ഉപരാഷ്ട്രപതിയായപ്പോൾ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വിളിച്ചു. പക്ഷേ, ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ട് അന്നു പങ്കെടുക്കാനായില്ല. അദ്ദേഹത്തെ പഠിപ്പിച്ച രാജസ്ഥാൻ സ്വദേശി ഹർഭാൽ സിങ്ങിനെയും ചടങ്ങിലേക്കു വിളിച്ചിരുന്നു.

അദ്ദേഹം ചടങ്ങിൽ അന്നു പങ്കെടുക്കുകയും ചെയ്തു. സൈനിക സ്കൂളിൽ‍ ധൻകറിനെ പഠിപ്പിച്ച അധ്യാപകരിൽ ഇന്ന് ഇവർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.

‘ഒരു അധ്യാപികയ്ക്കു തന്റെ വിദ്യാർഥികൾ ഉന്നതിയിലെത്തി എന്നു കേൾക്കുന്നതിൽപരം സന്തോഷം വേറെന്തുണ്ട്? റസിഡൻഷ്യൽ സ്കൂളുകളിൽ ഒൻപതു മാസവും വിദ്യാർഥികൾ അധ്യാപകർക്കൊപ്പമാണ്.

അവർക്ക് അവരുടെ അധ്യാപകരെല്ലാം പ്രിയപ്പെട്ടതാകാൻ അതിൽപരം മറ്റെന്തു കാരണം വേണം? അവരുടെ മാതാപിതാക്കൾക്കും അങ്ങനെത്തന്നെ. ജഗദീപിന്റെ അച്ഛനെയും വളരെ അടുത്തു പരിചയമുണ്ട്.

സ്കൂളിൽ എത്തുമ്പോഴൊക്കെ എല്ലാ അധ്യാപകരെയും കണ്ടു മക്കളുടെ പഠനത്തെക്കുറിച്ചെല്ലാം അന്വേഷിച്ചാണ് അദ്ദേഹം മടങ്ങാറുള്ളത്. പഠനത്തിൽ മാത്രമല്ല, വോളിബോളിലും ക്രിക്കറ്റിലും മറ്റ് ഗെയിംസിലുമെല്ലാം ജഗദീപ് മുൻപന്തിയിലായിരുന്നു, സംവാദങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്നു’, രത്ന പറഞ്ഞു.

ബ്രണ്ണൻ കോളജിലായിരുന്നു രത്നയുടെ ഡിഗ്രി പഠനം. അച്ഛൻ വിശ്വനാഥ് നായർ ആർമിയിലായിരുന്നു. അങ്ങനെ, പിജിക്കായി അജ്മേർ ഗവ.കോളജിൽ ചേർന്നു.

പഠനം കഴിഞ്ഞയുടൻതന്നെ സൈനിക സ്കൂളിൽ അധ്യാപികയായി. അവിടെ 30 വർഷത്തോളമുണ്ടായിരുന്നു. പിന്നീടു നാട്ടിലേക്കു മടങ്ങി നവോദയ സ്കൂളിന്റെ ഭാഗമായി. വിരമിക്കുമ്പോൾ ചെണ്ടയാട് നവോദയ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!