മട്ടന്നൂർ നഗരസഭ മികച്ച കുടുംബശ്രീ സി.ഡി.എസ്

കണ്ണൂർ: കുടുംബശ്രീ സിഡിഎസുകളിൽ 2022–-23 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സി.ഡി.എസുകളെ തെരഞ്ഞെടുത്തു.
ഒന്നാം സ്ഥാനം മട്ടന്നൂർ നഗരസഭ സി.ഡി.എസും രണ്ടാം സ്ഥാനം പന്ന്യന്നൂർ, കരിവെള്ളൂർ–- പെരളം സി.ഡി.എസുകളും മൂന്നാംസ്ഥാനം കതിരൂർ, ചെറുകുന്ന് സി.ഡി.എസുകളും നേടി. കണ്ണൂർ ശിക്ഷക്‌സദനിലാണ് അവസാന റൗണ്ട് മത്സരങ്ങൾ നടന്നത്.
ആദ്യഘട്ടത്തിൽ 200 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി നൽകിയാണ് ജില്ലയിലെ സി.ഡി.എസുകളുടെ പ്രവർത്തനം വിലയിരുത്തിയത്. ഇതിൽ ഉയർന്ന മാർക്ക് നേടിയ പത്ത് സി.ഡി.എസുകൾ അവസാന റൗണ്ട് മത്സരത്തിൽ പങ്കെടുത്തു.
പാപ്പിനിശേരി, കണ്ണപുരം, കുറ്റ്യാട്ടൂർ, ശ്രീകണ്ഠപുരം, ഉളിക്കൽ സി.ഡി.എസുകളും അവസാനറൗണ്ടിൽ പങ്കെടുത്തു. പത്ത് സി.ഡി.എസുകളും അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
കുടുംബശ്രീ ജില്ലാ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത്ത് ചെയർമാനായ നാലംഗ പാനലാണ് അവതരണം വിലയിരുത്തിയത്. സംസ്ഥാനമിഷൻ പ്രതിനിധിയായി സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ വി സിന്ധുവും പങ്കെടുത്തു.