മാട്ടുപ്പെട്ടിയിൽ ബോട്ടിലേറാം… ജാക്കറ്റുണ്ട്‌ സുരക്ഷയ്‌ക്ക്‌

Share our post

മൂന്നാർ : വിനോദ സഞ്ചാര മേഖലയായ മാട്ടുപ്പെട്ടിയിലും കുണ്ടളയിലും ബോട്ടിങ് സുരക്ഷിതം. കേരള ഹൈഡൽ ടൂറിസം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലാണ് മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ടുകളിൽ ബോട്ടിങ് നടത്തുന്നത്.

ബോട്ടിങ് നടത്തുന്നതിന് മുമ്പായി കുട്ടികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് ധരിപ്പിക്കും. വിസമ്മതിക്കുന്നവരെ ബോട്ടിൽ കയറാൻ അനുവദിക്കില്ല. ജാക്കറ്റ് ധരിപ്പിക്കുന്നതിന് പ്രത്യേകം ജീവനക്കാര

ചുമതലപ്പെടുത്തിയിട്ടുണ്ട്. ബോട്ടിന്റെ ശേഷിക്കനുസരിച്ചുള്ള ആളുകളെ മാത്രം കയറ്റിയാണ് സവാരി നടത്തുന്നത്. ബോട്ടുകളുടെ ഫിറ്റ്നസ് സംബന്ധിച്ച പരിശോധന എല്ലാ വർഷവും കൃത്യമായി നടത്തിവരുന്നു.

കൊടുങ്ങല്ലൂരിലുള്ള പോർട്ട് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ബോട്ടിന്റെ കാലപ്പഴക്കം, എൻജിൻ കപ്പാസിറ്റി, ഘടന എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.

ഇവർ നൽകുന്ന സർടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ബോട്ടിങ് നടത്തുന്നത്. ഇത് കൂടാതെ മൂന്ന് വർഷത്തിലൊരിക്കൽ ഡ്രൈഡോക് പരിശോധനയും നടത്തുന്നു. എല്ലാ ബോട്ടുകളും കരയിൽ കയറ്റിവച്ച് പെയിന്റിങ് ഉൾപ്പെടെയുള്ള അറ്റകുറ്റ പണികൾ പൂർത്തിയാക്കി.

പരിശോധന നടത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് ശുപാർശ നൽകും. ഇവരെത്തി പരിശോധന നടത്തി ബോട്ടിങ് നടത്തുന്നതിനുള്ള അനുമതി നൽകുന്ന മുറയ്ക്ക് മാത്രമെ ബോട്ടുകൾ നീറ്റിലിറക്കുകയുള്ളു.

മാട്ടുപ്പെട്ടി ഡാമിൽ ഹൈഡൽ ടൂറിസത്തിന്റെ ഏഴ് സ്‌പീഡ് ബോട്ടും 20 പേർക്ക് സഞ്ചാരിക്കാവുന്ന ഒരു പൊൻടൂൺ ബോട്ടും ഉണ്ട്. കൂടാതെ റവന്യു വരുമാന അടിസ്ഥാനത്തിൽ 74 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടും സർവീസ് നടത്തുന്നു.

ഡിടിപിസിയുടെ 10 പേർക്ക് സഞ്ചാരിക്കാവുന്ന രണ്ട് ഫാമിലി ബോട്ടും 20 പേർക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ടും ഉണ്ട്. കുണ്ടള ഡാമിലും ഹൈഡൽ ടൂറിസത്തിന്റെ 20 പെഡൽ ബോട്ടുകളുണ്ട്. ഏജൻസികളുടെ കയാക്കിങ്, കുട്ടവഞ്ചി എന്നിവയും സഞ്ചാരികൾക്ക് ഒരുക്കിയിട്ടുണ്ട്.താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാർ പൊലീസും സ്പെഷ്യൽ ബ്രാഞ്ചും മാട്ടുപ്പെട്ടി, കുണ്ടള എന്നിവടങ്ങളിലെത്തി അന്വേഷണം നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!