മാവൊരു മാന്തോപ്പായി; ഒരു മാവിൽ കായ്ച്ചത് പത്ത് ഇനം മാങ്ങകൾ

തളിപ്പറമ്പ് : പുഷ്പഗിരി ചാച്ചാജി റോഡിലെ മുത്തുമാക്കുഴി ടോമി മാനുവലിന്റെ വീട്ടുമുറ്റത്തെ ഒരു മാവ് തന്നെ മാന്തോപ്പായി മാറിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 10 തരത്തിലുള്ള മാങ്ങകളാണു മാവിൽ നിറയെ കായ്ച്ചത്.
നീലം, സിന്ദൂർ, ബെൻഷൻ, അൽഫോൻസ, മൂവാണ്ടൻ, കൊളമ്പ്, കുറ്റ്യാട്ടൂർ തുടങ്ങിയവയും പേരറിയാത്തവയും ഉൾപ്പെടെ 10 ഇനം മാങ്ങകളാണ് തളിപ്പറമ്പിലെ ഫോട്ടോ സ്പീഡ് ഉടമയായ ടോമിച്ചന്റെ ഒരു മാവിലുള്ളത്. ഇത്രയും ഇനം മാങ്ങകൾ വേണമെങ്കിൽ വലിയൊരു മാന്തോപ്പോ അല്ലെങ്കിൽ മാമ്പഴങ്ങൾ വിൽക്കുന്ന കടയോ ഉണ്ടായിരിക്കണം.
എന്നാൽ, ഇവയെല്ലാം ഒരു മരത്തിൽ കായ്ച്ചതിന്റെ സന്തോഷത്തിലാണ് ടോമിയും കുടുംബവും. കൂടാതെ പേരറിയാത്ത 4 ഇനങ്ങൾ കൂടി ഇതിൽ കായ്ക്കാനുണ്ടെന്നും ടോമി പറയുന്നു. പാമ്പുകളുടെ സംരക്ഷകനായിരുന്ന പൂന്തോട്ട നിർമാതാവ് കുറ്റിക്കോൽ സ്വദേശി എം.പി.ചന്ദ്രനാണ് ഇത്രയും മാവിനങ്ങൾ ഒരു മാവിൽ ഓരോന്നായി ഗ്രാഫ്റ്റ് ചെയ്ത് നൽകിയത്.
ഇവിടെ ഉണ്ടായിരുന്ന പഴയ മാവിൽ മാങ്ങകൾ ഉണ്ടാകുമെങ്കിലും ഗുണമില്ലാത്ത അവസ്ഥയായതിനാൽ മാവിന്റെ ശിഖരങ്ങൾ പൂർണമായും വെട്ടി മാറ്റിയ ശേഷം കിളിർത്തു വന്ന ശിഖരങ്ങളിൽ 2 വർഷം മുൻപ് ചന്ദ്രൻ വിവിധയിനം മാവിന്റെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്ത് ചേർക്കുകയായിരുന്നു.
ടോമിയും ചന്ദ്രനും വിവിധ സ്ഥലങ്ങളിൽ പോയി കായ്ച്ച് കിടക്കുന്ന മാവുകളുടെ കമ്പുകൾ ശേഖരിച്ചാണ് ഗ്രാഫ്റ്റിങ് നടത്തിയത്. വിവിധ നാടൻ ഇനങ്ങളും ചേർത്തിട്ടുണ്ടെങ്കിലും ഇവയുടെ പേരറിയാത്ത അവസ്ഥയാണ്.
എങ്കിലും ഒരു മാവിൽ തന്നെ വിവിധയിനം മാങ്ങകൾ കായ്ച്ച് കിടക്കുന്നത് വീട്ടുകാർക്കൊപ്പം നാട്ടുകാർക്കും കൗതുകമായതോടെ മാവ് നാട്ടുകാർക്കിടയിലൊരു താരമായി.
ചന്ദ്രൻ ദേശീയപാതയോരത്ത് കുറ്റിക്കോൽ ബസ് സ്റ്റോപ്പിന് സമീപം പരിപാലിക്കുന്ന പൂന്തോട്ടത്തിൽ 7 മാവിനങ്ങൾ ഒരു മാവിൽ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്. ഇവയും കായ്ച്ച് തുടങ്ങിയിട്ടുണ്ട്.