മണ്ണിന്റെ മനസ്സറിഞ്ഞ്‌ തങ്കച്ചന്റെ കൃഷി

Share our post

ആലക്കോട്: ലാഭമില്ലെന്ന്‌ പറഞ്ഞ്‌ വിളക്കന്നൂരിലെ പുറങ്കനാൽ തങ്കച്ചനും കുടുംബവും കൃഷിയെ ഇതുവരെ ശപിച്ചിട്ടില്ല. മണ്ണ്‌ ഒരിക്കലും ചതിക്കില്ലെന്നത്‌ ഇവർക്ക്‌ കേവലം വിശ്വാസമല്ല, അനുഭവമാണ്‌. ഓർമവച്ച കാലംതൊട്ട് തുടങ്ങിയതാണ് തങ്കച്ചന്റെ കാർഷിക ജീവിതം. കുടുംബസ്വത്തായി കിട്ടിയ 15 ഏക്കറിൽ സർവതും വിളയിക്കുന്നു.
റബർ, തെങ്ങ്, കവുങ്ങ്, എന്നീ സ്ഥിരവിളകൾക്ക്‌ പുറമെ കപ്പ, കോവക്ക, പയർ, വെണ്ട, താലോലി തുടങ്ങിയവയും കൃഷിചെയ്യുന്നു. ഇതിനൊപ്പം പശുവും ആടുമുണ്ട്‌. ആധുനിക കൃഷി രീതികളും ന്യൂതന മാർഗങ്ങളും പരീക്ഷിക്കുന്നു.

ഓണക്കാലത്ത് പുഷ്‌പകൃഷിയുമുണ്ട്‌. ബംഗളൂരുവിൽ നിന്നുൾപ്പടെ വിത്തു കൊണ്ട് വന്നാണ് പുഷ്‌പകൃഷി നടത്തിയത്‌. കലാവസ്ഥ വില്ലനാവാറുണ്ടെങ്കിലും കൃഷിയിൽ പിറകോട്ടില്ലന്നാണ്‌ ഇവരുടെ നിലപാട്. ഒരിക്കലും വറ്റാത്ത കുളവും ജലസേചന സൗകര്യവും ഇവിടെയുണ്ട്‌.

എല്ലാസ്ഥലത്തും സ്‌പ്രിങ്‌ക്‌ളർ വഴിയാണ് നനയ്‌ക്കുന്നത്‌.ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടാണ് വിൽപ്പന. അന്നന്ന് ലഭിക്കുന്ന വിളവുകൾ നടുവിൽ, കരുവഞ്ചാൽ ടൗണുകളിലെ കടകളിൽ നേരിട്ടെത്തിക്കുന്നു. വിഷരഹിത പച്ചക്കറിക്ക് നാട്ടുകാരുടെ ഇടയിൽ നല്ല അഭിപ്രായവുമാണ്.

കൃഷിയിടത്തിൽ നേരിട്ടെത്തി പച്ചക്കറികൾ വാങ്ങുന്നവരും നിരവധി. ഭാര്യ ഫിലോമിനയും മക്കളായ മാത്യൂസ്, ട്രീസ, ക്ലെയർ എന്നിവരും തങ്കച്ചന്‌ കൈത്താങ്ങായുണ്ട്‌.തങ്കച്ചന്റെ കൃഷി രീതി പിന്തുടർന്ന് ഒട്ടേറെ പേർ ഈ രംഗത്ത്‌ കടന്നുവരുന്നുണ്ട്. അവർക്കെല്ലാം മാർഗനിർദേശം നൽകി തങ്കച്ചൻ ഒപ്പമുണ്ട്‌.

കർഷകസംഘം നടുവിൽ വില്ലേജ് സെക്രട്ടറികൂടിയായ ഈ കർഷകന്‌ കഴിഞ്ഞ തവണ നടുവിൽ പഞ്ചായത്ത്‌ മികച്ച സമ്മിശ്ര കർഷകനുള്ള പുരസ്‌കാരം സമ്മാനിച്ചിരുന്നു. കർഷകസംഘം ജില്ലാ, ഏരിയാ കമ്മിറ്റികളുളുടെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!