റെയിൽവേ കേബിളുകൾ നശിപ്പിച്ച സംഭവം: ഹിറ്റാച്ചി ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തിക്കിടെ പാപ്പിനിശേരിയിൽ റെയിൽവേ കേബിളുകൾ നശിപ്പിച്ച സംഭവത്തിൽ ഹിറ്റാച്ചി ഡ്രൈവർക്കെതിരെ റെയിൽവേ സംരക്ഷണ സേന കേസെടുത്തു.
റെയിൽവേ ടെലികമ്മ്യൂണിക്കേഷൻസ് സീനിയർ സെക്ഷൻ എൻജിനീയറുടെ പരാതിപ്രകാരം പ്രവൃത്തി നടത്തിയ സ്‌കൈലാർക്ക് കൺസ്ട്രക്ഷൻ കമ്പനി ഹിറ്റാച്ചി ഡ്രൈവർ കർണാടക ഗുൽബർഗ സ്വദേശി വിജയകുമാറിനെതിരെയാണ് ആർ.പി.എഫ് കേസെടുത്തത്.
റെയിൽവേ സ്ഥലത്ത് അനുമതിയില്ലാതെ കുഴിയെടുത്ത് സിഗ്‌നലിംഗ് കേബിളുകൾ നശിപ്പിച്ചതിനെതിരെയാണ് കേസ്. ട്രെയിൻ സിഗ്‌നലിംഗ് സംവിധാനം തകരാറായതിനെ തുടർന്ന് വെള്ളിയാഴ്ച ആറോളം ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തിയത്. രാത്രിയോടെയാണ് നശിപ്പിക്കപ്പെട്ട കേബിളുകൾ പുനസ്ഥാപിക്കാനായത്.