ഇമെയിലുകള്‍ക്കൊപ്പം വെരിഫൈഡ് ചെക്ക്മാര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍

ന്യൂഡല്‍ഹി: ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഉള്ളതുപോലെ ഇമെയില്‍ ഐഡികള്‍ക്കൊപ്പം നീല നിറത്തിലുള്ള ചെക്ക്മാര്‍ക്ക് അവതരിപ്പിച്ച് ഗൂഗിള്‍.
സന്ദേശം അയച്ച ആളുടെ പേരിന് നേരെയാണ് വെരിഫൈഡ് ചെക്ക്മാര്‍ക്ക് ഉണ്ടാവുക. ഇമെയില്‍ വഴിയുള്ള തട്ടിപ്പുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
2021- ല്‍ ജിമെയിലില്‍ അവതരിപ്പിച്ച ബ്രാന്‍ഡ് ഇന്‍ഡിക്കേറ്റേഴ്‌സ് ഫോര്‍ മെസേജ് ഐഡന്റിഫിക്കേഷന്‍ (BIMI) ഫീച്ചറിന്റെ ഭാഗമായി ഇമെയില്‍ സന്ദേശം അയക്കുന്നവരെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
ഇതിന്റെ ഭാഗമായി ബ്രാന്‍ഡ് ലോഗോ വെരിഫൈ ചെയ്യുകയും ബ്രാന്‍ഡ് ലോഗോയെ ഇമെനയില്‍ അവതാറുകളാക്കി മാറ്റുകയും ചെയ്തു.
ഇതോടൊപ്പമാണ് ഇപ്പോള്‍ നീല നിറത്തിലുള്ള ചെക്ക്മാര്‍ക്കും അവതരിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ഇമെയില്‍ ഐഡികളാണോ എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും.
ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ജി സ്യൂട്ട് ബേസിക്, ബിസിനസ് ഉപഭോക്താക്കള്‍ക്കും പേഴ്‌സണല്‍ ഗൂഗിള്‍ അക്കൗണ്ടുള്ളവര്‍ക്കും സൗകര്യം ലഭിക്കും.
വിവിധ കമ്പനികളുടെ പേരിലുള്ള സ്പാം ഇമെയിലുകളും ബ്രാന്‍ഡുകളുടെപേരില്‍ നടക്കുന്ന തട്ടിപ്പുകളുമെല്ലാം ഇതുവഴി പ്രതിരോധിക്കാനാവുമെന്നാണ് ഗൂഗിള്‍ കരുതുന്നത്.