ചിന്തകൾക്ക് വർണമേകി കുട്ടിക്കൂട്ടം

ചക്കരക്കല്ല്: രണ്ടാം ക്ലാസിൽ പഠിക്കുന്ന ആഡൂരിലെ വേദികക്ക് വീടും ചുറ്റുമുള്ള മരങ്ങളും വരക്കാൻ ഒരുപാട് ഇഷ്ടമാണ്. ഇരിവേരിയിലെ മൂന്നാംക്ലാസ് വിദ്യാർഥി നവരംഗിനാകട്ടെ പുഴയും മത്സ്യങ്ങളും വരക്കാനാണ് താൽപര്യം.
മൂന്നാംക്ലാസ് പഠിക്കുന്ന ആയിഷ സമക്ക് കമ്പം പൂന്തോട്ടങ്ങളോടാണ് പ്രിയം. ഇത്തരത്തിൽ വ്യത്യസ്ത ആഗ്രഹങ്ങളുള്ള കുരുന്നുകൾ ചേർന്ന് ചുവർചിത്രം തീർത്തിരിക്കുകയാണ്.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ് പദ്ധതി ആരംഭിച്ച ‘കലയാട്ടം’ കാമ്പയിന്റെ ഭാഗമായാണ് കുരുന്നുകൾ തങ്ങളുടെ കരവിരുതുകൾ ചുവരിൽ വരച്ചിട്ടത്.
ഇരിവേരി നെസ്റ്റ് ലൈബ്രറി അധികൃതർ ഇതിനായി തങ്ങളുടെ മതിലുകൾ കൂടി നൽകിയതോടെ ചിത്രം വരയും പെയിന്റിങ്ങും എളുപ്പമായി.
ശനിയാഴ്ചയാണ് എടക്കാട് ബ്ലോക്കിലെ വജ്രജൂബി ഫെല്ലോഷിപ് ചിത്രരചന പഠിതാക്കൾ ഒത്തുകൂടി ചുവർ ചിത്രം തീർത്തത്.
ചെമ്പിലോട്, കൊളച്ചേരി, പെരളശ്ശേരി, കടമ്പൂർ, മുണ്ടേരി പഞ്ചായത്തുകളിലെ കുരുന്നുകളാണ് ഇതിനായെത്തിയത്. രണ്ടു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള ഇരുപതോളം വിദ്യാർഥികൾ ചിത്രമൊരുക്കാനെത്തി. രാവിലെ ആരംഭിച്ച പരിപാടി വൈകീട്ട് വരെ നീണ്ടു.
ഇതോടെ ലൈബ്രറി ഹാളിന്റെ ചുവരുകളും കണ്ണിന് കുളിർമയേകുന്നതായി. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
ബി.ഡി.ഒ രജീഷ് ആർ. നാഥ്, ഫെല്ലോഷിപ് കലാകാരന്മാരായ ഒ.പി അക്ഷയ, ഇ.കെ. സജീർ, അഹന സത്യ, ത്രിഷ്ണപ്രസാദ്, നിമിഷ വിലാസിനി എന്നിവർ നേതൃത്വം നൽകി.