പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിയെ നടുറോഡിൽ ക്രൂരമായി മർദിച്ചു, മുടിയിൽ കുത്തിപ്പിടിച്ചു; ഇരുപത്തിനാലുകാരൻ പിടിയിൽ

തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ച പതിനാറുകാരിയെ ക്രൂരമായി മർദിച്ച യുവാവ് പിടിയിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജിനെ (24) വർക്കലയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ചയ്‌ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പ്രതി പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു.
ഇന്നലെ ക്ലാസിന് പോയി തിരിച്ചുവരികയായിരുന്ന പെൺകുട്ടിയെ ബസിലും ശല്യം ചെയ്തു. പെൺകുട്ടിയ്‌ക്കൊപ്പം തന്നെ ബസിറങ്ങിയ ഇയാൾ വീണ്ടും പ്രണയാഭ്യർത്ഥന നടത്തി.
പ്രണയാഭ്യർത്ഥന പതിനാറുകാരി നിരസിച്ചതോടെ നടുറോഡിൽവച്ച് ക്രൂരമായി മർദിച്ചു. കൃഷ്ണ രാജ് മുടിയിൽ കുത്തിപ്പിടിച്ചെന്നും മുഖത്തടിച്ചെന്നും കാണിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം