ക്വാറി, ക്രഷര്‍ പണിമുടക്ക്; സ്തംഭിച്ച് നിർമാണ മേഖല

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ക്വാറി നയത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ജില്ലയിലെ ക്വാറി ക്രഷര്‍ സംരംഭങ്ങളുടെ പണിമുടക്ക് മൂന്നാം ആഴ്ചയിലേക്ക്. ക്വാറികളുടെ സെക്യൂരിറ്റി ഫീസും ഖനനം ചെയ്യുന്ന റോയല്‍റ്റിയും വര്‍ധിപ്പിച്ചതിലും വെയ് ബ്രിഡ്ജ് നിര്‍ബന്ധിതമാക്കിയതിലും പ്രതിഷേധിച്ചാണ് സമരം.
ക്വാറി സമരത്തെതുടര്‍ന്ന് ജെല്ലിയും ജെല്ലിപ്പൊടിയും കിട്ടാത്തതിനാല്‍ ദേശീയപാത നിര്‍മാണം മുടങ്ങി. തലപ്പാടി മുതല്‍ മുഴപ്പിലങ്ങാട്ടുവരെയുള്ള നാല് റീച്ചുകളിലും റോഡ് ടാറിങ്ങ്, കോണ്‍ക്രീറ്റ് പണി എന്നിവ നിലച്ചു.
സംസ്ഥാനമൊട്ടാകെ ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് പ്രവൃത്തികൾ ഉള്‍പ്പെടെ സ്തംഭിക്കുമെന്ന് കരാറുകാര്‍ പറയുന്നു.നിര്‍മാണ മേഖലയെ സമരം പ്രതികൂലമായി ബാധിച്ചു. വേനല്‍ക്കാല പ്രവൃത്തികള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സമരം.
അസംസ്കൃത വസ്തുക്കള്‍ ലഭിക്കാത്തത് കാരണം നിര്‍മാണങ്ങള്‍ നിലച്ചമട്ടാണ്. ഇതോടെ തൊഴിലാളികളും പട്ടിണിയിലായി. ജില്ലയില്‍ മഴക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ട വീടുകളുടെയും കിണറുകളുടെയും നിര്‍മാണ പ്രവൃത്തിയും പ്രതിസന്ധിയിലായി.
സംസ്ഥാനതലത്തില്‍ നടക്കുന്ന പണിമുടക്ക് സമരം അവസാനിപ്പിക്കാതെ ജില്ലയില്‍ ക്വാറി ക്രഷര്‍ ഉൽപന്നങ്ങള് ലഭിക്കില്ല. 18 ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ക്വാറി ക്രഷര്‍ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എ.എം. യൂസഫും ജനറല്‍ കണ്‍വീനര്‍ എം.കെ. ബാബുവും ചേര്‍ന്ന് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നല്കി.
കാലവര്‍ഷം എത്തുന്നതോടെ കരാര്‍ ജോലികള്‍ തടസപ്പെടും. പാറയും മണലും മെറ്റലും കിട്ടാതായാല്‍ നിശ്ചിതസമയത്ത് കരാര്‍ ജോലികള്‍ തീര്‍ക്കാനാവില്ല. റോയല്‍റ്റി ഫീസും വര്‍ധിപ്പിച്ചതിന്റെ പേരില്‍ ഉല്പന്നങ്ങളുടെ വില ഭീമമായി വർധിപ്പിച്ച ശേഷം ഉടമകള്‍ സമരം ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് കരാറുകാരുടെ പക്ഷം.