കണ്ണവം പാലത്തിൽ ഇനി ചിത്രങ്ങൾ കണ്ട് നടക്കാം

Share our post

കണ്ണവം: പാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്രരചന
ചിറ്റാരിപ്പറമ്പ്: ചരിത്രം കഥപറയുന്ന കണ്ണവം പഴയപാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന് പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ചരിത്ര ചിത്രരചന നടത്തി.

പടയോട്ടങ്ങൾക്കും പലായനങ്ങൾക്കും മൂകസാക്ഷിയായ കണ്ണവം പാലം 1823-ൽ മദ്രാസ് പയനിയേഴ്സാണ് നിർമിച്ചതെന്ന് പാലത്തിന്റെ സുരക്ഷാഭിത്തിയിലെ ഫലകത്തിൽ കൊത്തിവെച്ചത് ഇപ്പോഴും തെളിഞ്ഞുകാണാം.

2002-ൽ കണ്ണവം പുഴയ്ക്ക് കുറുകെ പുതിയ പാലം തുറക്കുന്നതുവരെ വലിയ ടിപ്പർ ലോറികൾവരെ കടന്നുപോയത് കണ്ണവം പഴയപാലത്തിൽ കൂടിയാണ്. ലോഹങ്ങൾ ഒന്നുമില്ലാതെ കരിങ്കല്ല്, ചെങ്കല്ല്, ചുണ്ണാമ്പ്, ശർക്കര, കുമ്മായം എന്നിവ ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്.

രണ്ട് ആർച്ചുകളായാണ് പാലം. കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ പോകുമ്പോൾ സുരക്ഷിതമായി മാറിനിൽക്കാനുള്ള സ്ഥലം പാലത്തിൽ ഉണ്ട്.

രണ്ട് നൂറ്റാണ്ടുകളിലായി ഉണ്ടായ പ്രളയവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അതിജീവിച്ച്‌ തല ഉയർത്തി നിൽക്കുന്ന കണ്ണവം പാലത്തിന്റെ 200-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ് നാട്ടുകാർ.

കണ്ണവം ഗാന്ധി സ്മാരക വായനശാലയും തൊടീക്കളം വി.പി. നാരായണമാരാർ വായനശാലയും സംയുക്തമായാണ് ആഘോഷ പരിപാടികൾ നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായി ചരിത്രസെമിനാറും വയോജനസംഗമവും ആദ്യകാല കലാപ്രവർത്തകരെ ആദരിക്കലും നടന്നു. ചിത്രകാര കൂട്ടായ്മയിൽ ചരിത്രചിത്രരചനയും നടത്തി.

പഴശ്ശിരാജ, കുഞ്ഞാലി മരക്കാർ, ഭഗത്‌സിങ്, സുഭാഷ് ചന്ദ്ര ബോസ്, സ്വാമിവിവേകാനന്ദൻ, ശ്രീനാരായണഗുരു, മഹാത്മഗാന്ധി, സർദാർ വല്ലഭ്‌ഭായ് പട്ടേൽ, അബുൾകലാം തുടങ്ങി ചരിത്രപുരുഷൻമാരുടെയും തൊടീക്കളം ശിവക്ഷേത്രം, വെളുമ്പത്ത് മഖാം തുടങ്ങി ആരാധനാലയങ്ങളെയും പാലത്തിന്റെ ഭിത്തിയിൽ വരച്ചിട്ടുണ്ട്.

ശെൽവൻ മേലൂരിന്റെ നേതൃത്വത്തിൽ രാഗേഷ് പുന്നോൽ, ഷൈജു എരുവട്ടി, സുരേഷ് പാനൂർ, എം. രവീന്ദ്രൻ, ഷമിൽ നരവൂർ എന്നീ ചിത്രകാരൻമാരാണ് ചിത്രകാര കൂട്ടായ്മയിൽ പങ്കെടുത്തത്.

സംഘാടക സമിതി ചെയർമാൻ പാലക്കണ്ടി വിജയൻ, കൺവീനർ സുധാകരൻ തൊടീക്കളം, പ്രോഗ്രാം കമ്മറ്റി കൺവീനർ കെ. പ്രദീപൻ, പബ്ലിസിറ്റി കൺവീനർ വാഴയിൽ ഭാസ്കരൻ, എം.വി. യൂസഫ്, നാടകരചയിതാവും സംവിധായകനുമായ സണ്ണി കോളയാട്, കെ. പുരുഷു, കെ.കെ. ദിനേശൻ, പി. രാജേഷ്, ഒ.എൻ. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!