രക്തം വേണോ, ‘പോൾ ബ്ലഡ്’ തുണയാകും
കണ്ണൂർ: അടിയന്തരഘട്ടത്തിൽ രക്തമെത്തിക്കാൻ സഹായവുമായി കേരള പോലീസ്. രക്തദാതാക്കളെ തേടി അലയുന്നതിന് പകരം പോൾ ബ്ലഡിൽ ഓൺലൈനായി അപേക്ഷ നൽകിയാൽ മതി.
രക്തം നൽകാൻ തയ്യാറായവരെ പോലീസ് നിങ്ങളുടെ അടുത്തെത്തിക്കും. കേരള പോലീസിന്റെ ‘പോൾ ആപ്പി’ലൂടെ കേരളത്തിലെവിടെയുള്ളവർക്കും സൗജന്യമായി ഈ സേവനം ലഭിക്കും.
പോൾ ബ്ലഡിൽ രക്തം ദാനംചെയ്യാൻ താത്‌പര്യമുള്ളവർക്ക് പേരും മറ്റുവിവരങ്ങളും രജിസ്റ്റർ ചെയ്യാം. ഇതു പരിശോധിച്ചാണ് ആവശ്യക്കാരുടെ ജില്ലയിൽ അവർക്ക് തൊട്ടരികിലുള്ള രക്തദാതാക്കളെ കണ്ടെത്തുക.
ഇതിനുപുറമേ വിവിധ രക്തദാന സംഘടനകൾ, സന്നദ്ധസംഘനടകൾ, ലൈസൻസുള്ള രക്തബാങ്കുകൾ, കോളേജ് യൂണിയനുകൾ എന്നിവയുമായും പോൾ ബ്ലഡ് ധാരണയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനം.
നൽകിയത് 23,203 യൂണിറ്റ് രക്തം
2021-ലാണ് പോൾ ബ്ലഡ് എന്ന സേവനപദ്ധതി തുടങ്ങിയത്. ഏപ്രിൽ രണ്ടാംവാരം വരെ സംസ്ഥാനത്താകെ 38,820 പേരാണ് രക്തദാനത്തിന് തയ്യാറായി ആപ്പിൽ രജിസ്റ്റർ ചെയ്തത്.
16,419 പേർക്ക് രക്തം എത്തിക്കാനായി. 23,203 യൂണിറ്റ് രക്തമാണ് ഇത്തരത്തിൽ ലഭ്യമാക്കിയത്. കൂടുതൽ രക്തദാതാക്കൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്. 8539 പേർ. കുറവ് പേർ രജിസ്റ്റർ ചെയ്തത് കാസർകോട് ജില്ലയിലാണ്. 847 പേർ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
എങ്ങനെ സഹായം തേടാം
പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് പോൾ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിൽ പോൾ ബ്ലഡ് എന്ന വിഭാഗമുണ്ടാകും. അതിൽ രക്തം നൽകാൻ ഡോണർ എന്ന രജിസ്‌ട്രേഷൻഫോം പൂരിപ്പിച്ച് നൽകണം. രക്തം ആവശ്യമുള്ളവരാണെങ്കിൽ റെസിപ്യന്റ് എന്ന ഫോമാണ് പൂരിപ്പിക്കേണ്ടത്.
രജിസ്‌ട്രേഷൻ പൂർത്തിയായാൽ പേരൂർക്കടയിലെ സംസ്ഥാനതല കൺട്രോൾ റൂമിൽനിന്ന് രജിസ്റ്റർ ചെയ്തവരെ ബന്ധപ്പെടും. യഥാർഥ ആവശ്യക്കാരാണോ എന്നും എത്ര യൂണിറ്റ് രക്തം വേണമെന്നുമെല്ലാം ഉറപ്പാക്കും.
തുടർന്ന് രോഗിയുടെ തൊട്ടടുത്തുള്ള രക്തദാതാക്കളുമായി ബന്ധപ്പെട്ട് അവരെ ആവശ്യക്കാരുടെ അടുത്തെത്തിക്കും. അടിയന്തരഘട്ടമാണെങ്കിൽ തൊട്ടടുത്തുള്ള രക്തബാങ്കിൽനിന്ന് രക്തം ലഭ്യമാക്കും. പിന്നീട് ദാതാക്കളെ എത്തിച്ച് രക്തം നൽകുകയും ചെയ്യും.
വാട്‌സാപ്പ് നമ്പറും റെഡി
ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ കഴിയാത്തവർക്കായി വാട്‌സാപ്പ് നമ്പറും പോൾ ബ്ലഡ് ഒരുക്കിയിട്ടുണ്ട്. പേര്, രക്തഗ്രൂപ്പ്, ജില്ല, ഫോൺ നമ്പർ എന്നിവ 9497990500 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്താൽ മാത്രം മതി.