വിരമിച്ചശേഷം ബി.എൽ.ഒ.മാരായവരെ പിരിച്ചുവിടുന്നു

Share our post

കണ്ണൂർ : സർവീസിൽനിന്ന് വിരമിച്ച ശേഷം ബി.എൽ.ഒ. (ബൂത്ത്് ലെവൽ ഓഫീസർ)മാരായ മുഴുവൻ പേരെയും ജോലിയിൽനിന്ന് നീക്കാൻ ഉത്തരവ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരമാണ് സർക്കാറിന്റെ ഈ തീരുമാനം.

അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക, അനർഹരെയും മരിച്ചവരെയും നീക്കുക, പ്രവാസികളുടെ പാസ്പോർട്ട് വിലാസത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചേർക്കുക തുടങ്ങിയവയാണ് ബൂത്ത്‌ ലെവൽ ഓഫീസർമാരുടെ കടമ. സർവീസിലുള്ളവർ, അങ്കണവാടി വർക്കർമാർ, എയ്ഡഡ് അധ്യാപകർ, സർക്കാർസർവീസിൽനിന്ന് വിരമിച്ചവർ എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശാനുസരണം ബി.എൽ.ഒ.മാരായി നിയമിക്കുന്നത്.

ഈ പട്ടികയിൽനിന്ന് അങ്കണവാടി വർക്കർമാരെയും എയ്ഡഡ് സ്കൂൾ അധ്യാപകരെയും ഉടൻതന്നെ ഒഴിവാക്കുമെന്നും കരുതുന്നു. പുതുതായി വരുന്ന ഒഴിവുകൾ നികത്താൻ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നുണ്ട്.

ഗസറ്റഡ് ഓഫീസർ റാങ്കിൽ താഴെമുതൽ അറ്റൻഡർ തസ്തിക വരെയുള്ളവരെയാണ് ബി.എൽ.ഒ.മാരായി നിയമിക്കുന്നത്.

സംസ്ഥാനത്ത് ഒരു ബൂത്തിൽ ഒരു ബി.എൽ.ഒ. എന്നനിലയിൽ 25,140 പേരുണ്ടാകും. ഇതിൽ രണ്ടായിരത്തിലധികം പേരെങ്കിലും സർവീസിൽനിന്ന് വിരിമിച്ചവരാണ്. ഇവരെയാണ് കൂട്ടത്തോടെ പിരിച്ചുവിടുന്നത്. എല്ലാ ഓഫീസുകളിലെയും ഇത്തരം ജീവനക്കാരെ ഉടൻ ഒഴിവാക്കി പകരം സർവീസിലുള്ളവരെ നിയോഗിക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.

ജോലിഭാരത്താൽ വീർപ്പുമുട്ടുന്ന ഈ മേഖലയിൽ എന്തിനാണ് ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കിയതെന്ന ചോദ്യത്തിന് മുകളിൽനിന്നുള്ള നിർദേശമെന്നാണ് മറുപടി.

അതിനിടെ ബൂത്ത്‌ ലെവൽ ഓഫീസർമാർ സംഘടന രൂപവത്കരിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ബി.എൽ.ഒ. അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെ ഏഴ് മുഖ്യ ഭാരവാഹികളെ ഒഴിവാക്കിയത്. ഇവരെല്ലാം സർവീസിലുള്ളവരാണ്.

വോട്ടർപട്ടിക പുതുക്കൽ സമയത്ത് പങ്കെടുക്കാതെ സംസ്ഥാനസമ്മേളനത്തിന്‌ പോയതിന്റെ പേരിൽ നേരത്തേ ആറുപേരെ നീക്കംചെയ്തിരുന്നു.

ബി.എൽ.ഒ.മാർക്ക്് പ്രതിവർഷം ആകെ ലഭിക്കുന്ന വേതനം 6000 രൂപയും 1200 രൂപ ഫോൺ അലവൻസും മാത്രമാണ്. 2013-നുശേഷം വർധനയുണ്ടായിട്ടില്ലെന്നും അവർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!