കണ്ണൂരിൽ മകനെ ജാമ്യത്തിലെടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്‌ക്കെതിരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാക്രമം

Share our post

കണ്ണൂര്‍: മകനെ ജാമ്യത്തിലെടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ അമ്മയ്‌ക്കെതിരെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാക്രമം.കണ്ണൂര്‍ ധര്‍മ്മടം സി.ഐ സ്മിതേഷിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സ്റ്റേഷനിലെത്തിയ സ്ത്രീയെ ഇയാള്‍ തള്ളിയിട്ടതായും ലാത്തി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം.

ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തില്‍ ഇറക്കുന്നതിനായി സ്‌റ്റേഷനിലെത്തിയ അമ്മയ്ക്കും സഹോദരനും എതിരെയാണ് സി.ഐ സ്മിതേഷ് അപമര്യാദയായി പെരുമാറിയത്. ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയിലാണ് അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം.അനില്‍കുമാറിന്റെ അമ്മയെ ഇയാള്‍ തള്ളിയിട്ടതായി ആരോപണമുണ്ട്. അമ്മ നിലത്ത് വീണു കിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ട് ഇയാള്‍ ആക്രോശിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. സ്‌റ്റേഷനിലെ വനിതാ പോലീസ് അടക്കമുള്ളവര്‍ ഇയാളെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്മിതേഷ് വഴങ്ങുന്നില്ല.
നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവര്‍ പറയുന്നുണ്ടെങ്കിലും അമ്മയെ എടുത്തിട്ട് പോയില്ലെങ്കില്‍ എല്ലാത്തിനെയും ചവിട്ടുമെന്നാണ് ഇയാള്‍ ആക്രോശിക്കുന്നത്. ഇവര്‍ക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിച്ചതായും ഇവര്‍ വന്ന വാഹനത്തിന്റെ ചില്ല് ലാത്തി ഉപയാഗിച്ച് തകര്‍ത്തതായും പരാതിയുണ്ട്.
എന്തിനാണ് തന്നെ പോലീസ് പിടികൂടിയതെന്ന് അറിയില്ലെന്ന് അനില്‍കുമാര്‍ പറഞ്ഞു. ‘അമ്മയെയും ഒപ്പമുണ്ടായിരുന്ന മരുമകനെയും പെങ്ങളെയും അടിച്ചു. സംസാരിക്കാനൊന്നും നിന്നില്ല. ലാത്തികൊണ്ട് അടിയായിരുന്നു.
ധര്‍മ്മടം സ്‌റ്റേഷനില്‍ നിന്ന് എടക്കാട് സ്‌റ്റേഷന്റെ പരിധിയില്‍ വന്നാണ് എന്നെ പിടിക്കുന്നത്. കാരണം അന്വേഷിച്ചപ്പോള്‍ പിന്നീട് പറയാമെന്നായിരുന്നു ലഭിച്ച മറുപടി. സ്റ്റേഷനിലെത്തിയ തന്നെ സി.ഐ മര്‍ദിച്ചു. അമ്മയെ സി.ഐ താഴേയ്ക്ക് തള്ളിയിട്ടു. വനിതാ പോലീസ് തടുത്തിട്ടും അദ്ദേഹം നില്‍ക്കുന്നില്ലായിരുന്നു. സംഭവത്തില്‍ തലശ്ശേരി എ.എസ്.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.’- അനില്‍കുമാര്‍.കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!