പാഠഭാഗത്ത് നിന്നും അബുള്‍ കലാം ആസാദിനെ നീക്കം ചെയ്തു; പരിഷ്‌കരണവുമായി എന്‍.സി.ഇ.ആര്‍.ടി

Share our post

ന്യൂഡല്‍ഹി: ഗാന്ധിജിക്കും മുഗള്‍ സാമ്രാജ്യത്തിനും പിന്നാലെ മൗലാന അബുള്‍ കലാം ആസാദിനെയും പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് എന്‍സിഇആര്‍ടി. 11-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്‍സിഇആര്‍ടി നീക്കം ചെയ്തിരിക്കുന്നത്.

‘ഭരണഘടന- എന്തുകൊണ്ട്, എങ്ങനെ’ എന്ന അധ്യായത്തില്‍ നിന്നാണ് പ്രസ്തുത ഭാഗം നീക്കം ചെയ്തിരിക്കുന്നത്. പകരം ‘ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ പട്ടേല്‍, ബി ആര്‍ അംബേദ്കര്‍ എന്നിവര്‍ ഭരണഘടനാ അസംബ്ലി കമ്മിറ്റികളുടെ അധ്യക്ഷന്മാരായിരുന്നു’ എന്നാണ് പുതുക്കിയ വരിയില്‍ പറയുന്നത്.

1946ല്‍ ഭരണഘടനയുടെ കരട് രൂപീകരണത്തിനായി ഇന്ത്യയുടെ ഭരണഘടനാ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നതില്‍ അബുള്‍ കലാം ആസാദ് സുപ്രധാന പങ്കാണ് വഹിച്ചത്. അതേസമയം ജമ്മു കശ്മീരിനെക്കുറിച്ചുളള ചില പരാമര്‍ശങ്ങളും അതേ പാഠപുസ്തകത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

പാഠഭാഗത്ത് നിന്നും മുഗള്‍ രാജവംശത്തെ കുറിച്ചുള്ള ഭാഗങ്ങളും ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട ഭാഗങ്ങളും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചുളള പാഠഭാഗങ്ങളും നീക്കം ചെയ്തിരിക്കുന്നത്.

അതേസമയം പാഠ ഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി രംഗത്തെത്തിയിരുന്നു. പാഠ ഭാഗങ്ങള്‍ മാറ്റിയതിന്റെ പിന്നില്‍ ദുരുദ്ദേശമൊന്നുമില്ലെന്നും സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായുളള നടപടിയാണെന്നുമാണ് എന്‍സിഇആര്‍ടിയുടെ വാദം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!