കരിമ്പ് കൃഷിക്ക് വീണ്ടും പ്രതാപകാലം; കൊവിഡിനുശേഷം ആവശ്യക്കാരും വിലയും വർധിക്കുന്നു

Share our post

കണ്ണൂര്‍: കരിമ്പ് കൃഷി ജില്ലയില്‍ വീണ്ടും സജീവമാകുന്നു. എക്കല്‍ മണ്ണ് ധാരാളം അടിഞ്ഞുകൂടുന്ന പുഴയോരങ്ങളിലും തുരുത്തുകളിലും ഒരുകാലത്ത് വ്യാപകമായിരുന്ന കരിമ്പുകൃഷിയാണ് വീണ്ടും പ്രതാപത്തിലെത്തുന്നത്.

വിലയും ആവശ്യക്കാരും കുറഞ്ഞതാണ് കൃഷിക്കാര്‍ ഈ രംഗത്തുനിന്ന് പിന്‍വാങ്ങാന്‍ കാരണം. കൂടാതെ, പ്രാദേശിക ശര്‍ക്കര ഉത്പാദനവും നിലച്ചു. കോവിഡ് കാലത്ത് കൃഷി തീര്‍ത്തും നിലച്ചിരുന്നു. എന്നാല്‍, കോവിഡിനുശേഷം ഉത്സവങ്ങള്‍ വിപുലമാകുകയും വന്‍ ജനക്കൂട്ടം എത്തിച്ചേരുകയും ചെയ്തതോടെ കച്ചവടവും വര്‍ധിച്ചു.

കോള്‍ത്തുരുത്ത്, കോറളായി തുരുത്ത്, കുറുമാത്തൂര്‍

ജില്ലയില്‍ കോള്‍ത്തുരുത്ത്, കോറളായി തുരുത്ത്, കുറുമാത്തൂര്‍ എന്നീ പ്രദേശങ്ങളിലാണ് കരിമ്പ് പരമ്പരാഗതമായി കൃഷിചെയ്യുന്നത്. ഏറ്റവും ഗുണമേന്മയുള്ള നാടന്‍ ഇനമാണ് ഇവിടെ കൃഷിചെയ്യുന്നതെന്ന് കോറളായി തുരുത്തിലെ കൃഷിക്കാരനായ കെ.പി.ഹുസൈന്‍ പറഞ്ഞു. ജനാര്‍ദനനാണ് ഇവിടത്തെ വേറൊരു കൃഷിക്കാരന്‍.

കഴിഞ്ഞ സീസണില്‍ ഒരു തണ്ടിന് 150 രൂപ വരെ കിട്ടിയിരുന്നു. ഉത്സവ സ്ഥലത്തെത്തിച്ചാല്‍ കൂടുതല്‍ വില കിട്ടും. മൂന്ന് മീറ്ററോളം നീളമുള്ള ഒരുതണ്ട് നാലര കിലോഗ്രാം വരെയുണ്ടാകും. വേണ്ടത്ര വളര്‍ച്ചയില്ലാത്ത തണ്ടുകള്‍ ജ്യൂസ് കടക്കാര്‍ കൊണ്ടുപോകും.

1960 കാലത്ത് കോറളായിത്തുരുത്തില്‍ ഏക്കര്‍കണക്കിന് കരിമ്പ് കൃഷിയുണ്ടായിരുന്നു. കരിമ്പ് നീരെടുത്ത് ശര്‍ക്കരയുണ്ടാക്കുകയും ചെയ്തു. കെ.പി.ഹുസൈന്റെ ബാപ്പ അബ്ദുള്‍ റഹിമാനും നല്ല കൃഷിക്കാരനായിരുന്നു. ശര്‍ക്കര ഉത്പാദകനും.

പറശ്ശിനിക്കടവിന് സമീപമുള്ള കോള്‍ത്തുരുത്തിയിലും വന്‍ തോതില്‍ കരിമ്പ് കൃഷിയുണ്ടായിരുന്നു. പതിനഞ്ചിലേറെ കൃഷിക്കാരും. പിന്നീട് കൃഷിക്കാരുടെ എണ്ണം രണ്ടായി ചുരുങ്ങിയെന്ന് ഇവരില്‍ ഒരാളായ വി.വി.രവീന്ദ്രന്‍ പറഞ്ഞു.

ഒരേക്കര്‍ സ്ഥലത്ത് 10,000 തൈകള്‍

മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളിലാണ് കരിമ്പ് നടുക. നല്ല ജലസേചന സൗകര്യം ആവശ്യമാണ്. ഒരുവര്‍ഷത്തെ വളര്‍ച്ചവേണം. പകുതി വളര്‍ച്ചയെത്തിയാല്‍ കവുങ്ങിന്റെ വാരികൊണ്ട് താങ്ങ് കൊടുക്കണം. നിലത്ത് വീണാല്‍ പ്രയോജനമില്ലാതെ പോകും.

ഒരേക്കര്‍ സ്ഥലത്ത് 10,000 തൈകള്‍ കൃഷിചെയ്യാം. പട്ടുവത്തെ ‘പപ്പുവാന്‍’ ഉള്‍പ്പെടെ കരിമ്പുനീര് ഉപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നാടന്‍കരിമ്പ് വാങ്ങിയാല്‍ ആദായകരമാകില്ലെന്ന് കൃഷിക്കാര്‍ പറയുന്നു. ഹുന്‍സൂര്‍, മൈസൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന കരിമ്പിന് നാടന്‍കരിമ്പിന്റെ പകുതി വിലയേ ഉള്ളൂ. ജ്യൂസിന് ഉപയോഗിക്കുന്നതില്‍ ഏറെയും പുറത്തുനിന്ന് ഇറക്കുന്ന കരിമ്പുതന്നെയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!