ഈ കുടുംബങ്ങളുടെ സന്തോഷത്തിലുണ്ട് ‘ലൈഫ്’

ആറളം: ജീവിത സായന്തനത്തിലാണ് ആറളം പെരുമ്പഴശ്ശിയിലെ ആലയിൽവീട്ടിൽ നാണിയമ്മയ്‌ക്ക് ലൈഫിൽ പുതിയ വീട് കിട്ടിയത്. ‘കയറിക്കിടക്കാൻ നല്ല വീടായി. സന്തോഷം’–- പ്രതികരണമാരാഞ്ഞപ്പോൾ ഏഴുപത്തിയഞ്ചുകാരി നാണിയമ്മ നിറകൺചിരിയോടെ പറഞ്ഞു.
പരിചരിക്കാനും സഹായിക്കാനും ആരോരുമില്ലാത്തവർ അടക്കമുള്ള അതിദരിദ്ര കുടുംബത്തിൽപ്പെട്ട ആറ് പേരും ആറളം പഞ്ചായത്തിന്റെയും സർക്കാരിന്റെയും സഹായത്തിൽ ഇനി പുതിയ വീടുകളിൽ താമസിക്കും. ഒടാക്കലിലെ കൊട്ടാരത്തിൽ നബീസ ഹൃദ്രോഗത്തിന് ചികിത്സ തേടുന്നു. 64 വയസായി. മകനും രോഗബാധിതൻ. ഈ കുടുംബത്തിനും വാസയോഗ്യമായ വീടില്ലെന്ന ദുരവസ്ഥയ്‌ക്ക് പരിഹാരമായി.
പെരുന്നാൾ പുതിയ വീട്ടിൽ ആഘോഷിക്കാമെന്ന സന്തോഷത്തിലാണീ കുടുംബം. മരുമകൾ സറീനയാണ് ലൈഫ് വീടിന്റെ താക്കോൽ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങാനെത്തിയത്.ലൈഫ് പദ്ധതിയിൽ ഈ വർഷം കൂടുതൽ വീടുകൾ അതിവേഗം പൂർത്തീകരിച്ച പഞ്ചായത്താണ് ആറളം. 30നകം 10 വീടുകൾകൂടി പൂർത്തിയാക്കാൻ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ .പി രാജേഷ് പറഞ്ഞു.
വിഇഒ കെ അനീഷ് ലൈഫ് പദ്ധതി നടത്തിപ്പിൽ ശ്രമകരമായ ഇടപെടലും സഹായവും ഗുണഭോക്താക്കൾക്ക് നൽകിയതും നിർമാണം കുറഞ്ഞ സമയത്തിനകം പൂർത്തീകരിക്കാൻ കാരണമായി. പത്ത് വീടുകൾ കൂടിയാവുന്നതോടെ അമ്പത് വീടുകൾ മൂന്ന് മാസംകൊണ്ട് നിർമിച്ചുനൽകിയ പഞ്ചായത്താകും ആറളം.
താക്കോൽദാനച്ചടങ്ങിൽ, വീടുകളുടെ നിർമാണം അതിവേഗം പൂർത്തീകരിക്കാൻ സഹായിച്ച വിഇഒ കെ അനീഷിന് മന്ത്രി ഉപഹാരം നൽകി.
സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ, വൈസ് പ്രസിഡന്റ് ബി നോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റ് കെ .പി രാജേഷ്, വൈസ് പ്രസിഡന്റ് കെ. ജെ ജസിമോൾ, ഷിജി നടുപ്പറമ്പിൽ, ജോസ് അന്ത്യാംകുളം, വൽസാ ജോസ്, ഇ സി രാജു, വൈ വൈ മത്തായി, പി. റോസ, ശങ്കർ സ്‌റ്റാലിൻ, ജോഷി പാലമറ്റം, വിപിൻ തോമസ്, മാത്യുക്കുട്ടി പന്തപ്ലാക്കൽ, കെ വി ബഷീർ, സന്തോഷ് കീച്ചേരി, സുമാ ദിനേശൻ, ഷൈൻ ബാബു എന്നിവർ സംസാരിച്ചു.