കുറഞ്ഞ ചിലവില്‍ ആഢംബര ഹോട്ടലുകളില്‍ താമസിക്കാം; അവധിക്കാല പാക്കേജുകളുമായി കെ.ടി.ഡി.സി

പരീക്ഷകള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ പൂട്ടിക്കഴിഞ്ഞു. കുട്ടികളുമൊത്ത് ചെറിയ യാത്രകള്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് പലരും. പക്ഷെ ഇത്തരം യാത്രകള്‍ക്കുള്ള പ്രധാന വെല്ലുവിളി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കാനുള്ള ഭീമന്‍ ചെലവാണ്.
ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കയാണ് കേരളത്തിന്റെ സ്വന്തം കെ.ടി.ഡി.സി (കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍).
കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പാക്കേജാണ് ഇതില്‍ ശ്രദ്ധേയം. ഇതു വഴി സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളില്‍ കുട്ടികളുമൊത്ത് കുറഞ്ഞ ചിലവില്‍ താമസിക്കാനാകും.
തേക്കടി, മൂന്നാര്‍, പൊന്‍മുടി, കുമരകം എന്നിവ കൂടാതെ തിരുവനന്തപുരത്തെ കെ.ടി.ഡി.സി. ഹോട്ടലുകളിലുമാണ് അവധിക്കാല പാക്കേജുകള്‍.
തിരുവനന്തപുരത്തെ മാസ്‌ക്കറ്റ്, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടര്‍സ്‌കേപ്സ്, മൂന്നാറിലെ ടീകൗണ്ടി എന്നിവയില്‍ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ മാതാപിതാക്കള്‍ ഉള്‍പ്പെടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ക്ക് 11,999 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം കുമരകം ഗേറ്റ്വേ റിസോര്‍ട്ട്, സുല്‍ത്താന്‍ ബത്തേരിയിലെ പെപ്പര്‍ ഗ്രോവ്, പൊന്‍മുടിയിലെ ഗോള്‍ഡന്‍പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ഹൗസ് എന്നിവയില്‍ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികള്‍ ഉള്‍പ്പെടെ 4,999 രൂപയാണ്.
നിലമ്പൂരിലെ ടാമറിന്റെ ഈസി ഹോട്ടല്‍, മണ്ണാര്‍ക്കാട്ടിലെ ടാമറിന്റ് ഈസി ഹോട്ടല്‍ എന്നിവയില്‍ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികള്‍ ഉള്‍പ്പെടെ 3,499 രൂപയാണ്.
വെള്ളി, ശനി, മറ്റ് അവധിദിവസങ്ങളില്‍ പാക്കേജുകള്‍ ലഭ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ktdc.com/packages വെബ്സൈറ്റിലോ 9400008585, 0471 2316736, 2725213 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്