റൂട്ട് സ്വിഫ്റ്റിന് കൊടുത്തു; റോഡിൽ ഇറക്കാതെ രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ

പയ്യന്നൂർ : കെ. എസ് .ആർ .ട്ടി .സി രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ റോഡിൽ ഇറക്കാതെ നശിപ്പിക്കുന്നു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ബസുകളാണ് ഇപ്പോൾ ഡിപ്പോയിൽ കയറ്റി ഇട്ടിരിക്കുന്നത്.
ബെംഗളൂരു റൂട്ട് സ്വിഫ്റ്റ് ബസിന് വിട്ടുകൊടുത്തതോടെയാണ് ആ റൂട്ടിൽ സർവീസ് നടത്തിയ സൂപ്പർ ഫാസ്റ്റ് ബസുകൾ കയറ്റി ഇട്ടത്.
6 മാസത്തിലധികമായി ബസുകൾ ഡിപ്പോയിൽ കിടക്കുന്നു. ഇതിന്റെ കളർ മാറ്റി സർവീസ് നടത്താനുള്ള അനുമതി ലഭിച്ചില്ല. ഇപ്പോൾ ടൂർ പാക്കേജിലാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്.
അത് മാസത്തിൽ രണ്ടോ മൂന്നോ സർവീസ് മാത്രമാണ് ലഭിക്കുന്നത്. ഈ ബസുകൾ പയ്യന്നൂരിൽ നിന്ന് കൊണ്ടുപോകാനുള്ള നീക്കവും നടക്കുന്നുണ്ട്.
ആവശ്യത്തിന് ബസ് ഇല്ലാത്തതിനാൽ പയ്യന്നൂർ ഡിപ്പോയിൽ നിന്നുള്ള സർവീസ് 60ൽ താഴെയായി ചുരുങ്ങി. വരും ദിവസങ്ങളിൽ വീണ്ടും കുറയും.
ഈ രണ്ട് ബസുകൾ ടൗൺ ടു ടൗൺ ബസുകളായി ദേശീയ പാതയിൽ സർവീസ് നടത്തിയാൽ ദേശീയ പാതയിലെ ടൗൺ ടു ടൗൺ സർവീസ് നടത്തുന്ന 2 ബസുകൾ പിൻവലിച്ച് ഗ്രാമീണ റൂട്ടുകളിൽ സർവീസ് നടത്താനാവും.
കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ ബസ് സർവീസുകൾ വേണമെന്ന ആവശ്യം ഉയർന്നപ്പോൾ രണ്ടു ബസുകൾ കിട്ടിയാൽ പരിഹാരമുണ്ടാക്കാമെന്നാണ് കെ. എസ് .ആർ .ട്ടി .സിയുടെ പ്രതിനിധി യോഗത്തിൽ അധ്യക്ഷനായിരുന്ന ടി.ഐ.മധുസൂദനൻ എം.എൽ.എയോട് ആവശ്യപ്പെട്ടത്.
എം.എൽ.എ ഇടപെട്ട് ഈ 2 സൂപ്പർ ഫാസ്റ്റ് ബസുകൾ ടൗൺ ടു ടൗൺ ബസുകളായി സർവീസ് നടത്താൻ അനുമതി വാങ്ങിയാൽ ദേശീയ പാതയിൽ നിന്ന് 2 ബസുകൾ പിൻവലിക്കാൻ കഴിയും. കെ. എസ് .ആർ .ട്ടി .സി പ്രതിനിധിയുടെ ആവശ്യവും നടപ്പാക്കി കൊടുക്കാൻ കഴിയും.