ജീവിതത്തിലേക്ക് ‘ചുവടു’റപ്പിച്ച് ചെമ്പിലോട്ടെ പെണ്ണുങ്ങൾ

ചെമ്പിലോട്: കുടുംബശ്രീ ചുവട് 2023ന്റെ ഭാഗമായി ചെമ്പിലോട് പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നുമാസത്തിനിടെ തുടങ്ങിയ ഒമ്പത് സംരംഭങ്ങളിലൂടെ ജീവിതം തളിർക്കുന്നത് മുപ്പത്തിയഞ്ചോളം വനിതകൾക്ക്.
പഞ്ചായത്തിന്റെ ധനസഹായവും പിന്തുണയ്‌ക്കുമൊപ്പം വൈസ് പ്രസിഡന്റ് സി. പ്രസീത, സി.ഡി.എസ് .എം .പി ഷീജ എന്നിവർ നേതൃത്വവും നൽകുന്നു.
ഊണ് ‘ഗായത്രി’യിൽനിന്ന്, ചപ്പാത്തി ‘പൊന്നൂസി’ൽനിന്ന്
പതിനാലാം വാർഡിലെ ചാല മേപ്പോയിലിൽ ആരംഭിച്ച ഗായത്രി കറി യൂണിറ്റ് 5 പേരുടെ കുടുംബത്തിന് അത്താണിയാണിന്ന്. ഓർഡറനുസരിച്ച് ഊണും കറികളും വീടുകളിലെത്തിക്കും.
40 രൂപയ്‌ക്കാണ് കറികളുടെ വിതരണം. അഞ്ചുലക്ഷം രൂപ മുതൽമുടക്കിയാരംഭിച്ച ‘പൊന്നൂസ്’ ചപ്പാത്തി യൂണിറ്റിന് 75 ശതമാനം പഞ്ചായത്ത് സബ്‌സിഡി നൽകുന്നുണ്ട്.
‘സൂര്യ തരും സ്‌റ്റീൽ പാത്രങ്ങൾ’
പഞ്ചായത്തിലെ വിശേഷ ദിവസങ്ങളിൽ ഡിസ്പോസിബിൾ പ്ലേറ്റിന്റെയും ഗ്ലാസിന്റെയും ഉപയോഗം പരമാവധി കുറയ്‌ക്കാനാണ് കോയ്യോട് അബ്ദുള്ളപീടികയിൽ സൂര്യ കാറ്ററിങ് യൂണിറ്റ് തുറന്നത്.
മിതമായ നിരക്കിൽ സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും വാടകയ്ക്ക് നൽകുന്നതിനൊപ്പം പൊറോട്ടയും ബിരിയാണിയും ഓർഡനുസരിച്ച് എത്തിക്കുകയും ചെയ്യുന്നു.
മൂന്ന് ലക്ഷം രൂപ മുതൽമുടക്കിൽ ഒരുമാസം മുമ്പാരംഭിച്ച ഈ സംരംഭത്തിന് നിരവധി ഓർഡറുകളാണ് ലഭിക്കുന്നത്. കെ കെ കുഞ്ഞിപ്പാത്തു, എം സക്കീന, എം സബൂറ എന്നിവരാണ് നേതൃത്വത്തിലുള്ളത്.
മെഴുകുതിരിയും പേപ്പർ ബാഗും പൂച്ചട്ടികളും
കുടുംബശ്രീ ബാലസഭ കുട്ടികൾക്കുവേണ്ടി നടത്തുന്ന പൂച്ചട്ടി നിർമാണ യൂണിറ്റ് നിയന്ത്രിക്കുന്നത് എം ജി പ്രിയയും എം ജി അഭിനന്ദുമാണ്.
പേപ്പർ ബാഗ്, തുണിസഞ്ചി നിർമാണ യൂണിറ്റുകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മൂന്നുപേർക്ക് തൊഴിലുറപ്പാക്കിയ സംരംഭത്തിന് രണ്ട് ലക്ഷം രൂപയാണ് മുതൽമുടക്ക്.
കൂടാതെ അഞ്ചുപേർ വീതം തൊഴിലെടുക്കുന്ന മെഴുകുതിരി യൂണിറ്റും ഇരിവേരിയിൽ വർണം ടെയ്‌ലറിങ് യൂണിറ്റും പ്രവർത്തിക്കുന്നു.
സ്‌മാർട്ട് ക്ലീനിങ്
സ്മാർട്ട് ക്ലീൻ പേരിൽ ശുചീകരണ സാമഗ്രികളുടെ നിർമാണ യൂണിറ്റ് തന്നടയിൽ പ്രവർത്തിക്കുന്നുണ്ട്. പി. താഹിറ, കെ .വി കവിത എന്നിവരാണ് നേതൃത്വം.
ഇരിവേരി ഈസ്റ്റ് എൽപി സ്കൂളിന് സമീപം പ്രവർത്തനമാരംഭിച്ച തേജസ് ഭക്ഷ്യസംസ്കരണ യൂണിറ്റിൽ അഞ്ചുപേർ തൊഴിലെടുക്കുന്നു.