കണ്ണൂർ: രണ്ടാം എൽ.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും. കണ്ണൂർ താലൂക്കിൽ മേയ് രണ്ടിനും തലശ്ശേരിയിൽ മേയ് നാലിനും തളിപ്പറമ്പിൽ മേയ് ആറിനും പയ്യന്നൂരിൽ മേയ് എട്ടിനും ഇരിട്ടിയിൽ ജൂൺ ഒന്നിനുമാണ് അദാലത്തുകളെന്ന് ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു.
പരാതികൾ ഏപ്രിൽ ഒന്ന് മുതൽ 10 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ സ്വീകരിക്കും.പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാം. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.
പരാതികൾ അദാലത്തിൽ പരിഗണിക്കാവുന്നവ ആണെങ്കിൽ ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് ഇതിനായുള്ള പ്രത്യേക സോഫ്റ്റ് വെയർ മുഖേന കൈമാറും. മന്ത്രിമാർക്ക് പരിഹരിക്കാവുന്ന പരാതികളിൽ ഉദ്യോഗസ്ഥർ വിശദമായ റിപ്പോർട്ട് സമർപ്പക്കേണ്ടതാണ്. അദാലത്തുകളുടെ സുഗമമായ പ്രവർത്തനത്തിനായി മുഴുവൻ വകുപ്പിലും നോഡൽ ഓഫീസറെ നിയമിക്കാൻ കളക്ടർ നിർദേശം നൽകി.
അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകൾ പരിഗണിക്കില്ല. ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, റവന്യൂ റിക്കവറി വായ്പതിരിച്ചടവിനുള്ള ഇളവുകളും സാവകാശവും, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, തെരുവുനായ സംരക്ഷണം/ശല്യം, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും, റേഷൻകാർഡ്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, ആസ്പത്രികളിലെ മരുന്ന് ക്ഷാമം തുടങ്ങിയ പരാതികൾ ഏപ്രിൽ ഒന്നു മുതൽ നൽകാം.
എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ്റേഷൻ കാർഡിൽ പേരില്ലാത്ത ഒരാൾ പോലുമില്ലായെന്ന നേട്ടം കൈവരിക്കാനൊരുങ്ങി കണ്ണൂർ ജില്ല. അതിദാരിദ്ര്യ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതായി 284 പേരെയാണ് കണ്ടെത്തിയത്.
ഇതിൽ 272 പേർക്ക് കാർഡ് ലഭ്യമാക്കി. ബാക്കിയുള്ള 12 പേർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു. മുൻഗണനാ റേഷൻ കാർഡുകൾ കൈവശമുള്ളവരെ കണ്ടെത്തി മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും അർഹരായവർക്ക് മുൻഗണനാ കാർഡ് അനുവദിക്കുകയും ചെയ്യുന്നു.
ജില്ലയിലാകെ 1666 മുൻഗണനാ കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുകയും 30.52 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായാണ് സ്വീകരിക്കുന്നത്.