പണിക്കന്മാർ കഴകം കയറി: ഇനി മറുത്തുകളിയുടെ നാളുകൾ

തൃക്കരിപ്പൂർ: കണ്ണൂർ – കാസർകോട് ജില്ലകളിലെ കാവുകളും ദേവസ്ഥാനങ്ങളും ഇനിയുള്ള ദിവസങ്ങളിൽ പണ്ഡിതരായ പണിക്കന്മാരുടെ വാക്ധോരണികൊണ്ട് മുഖരിതമാകും. പൂരോത്സവങ്ങളുടെ ഭാഗമായി പുറംപന്തലിലെ കളികഴിഞ്ഞ് പന്തലിൽ പൊന്നു വെക്കലെന്ന ചടങ്ങിനു ശേഷം പണിക്കന്മാർ കഴകം കയറി.
ഇരു ക്ഷേത്രങ്ങളിൽ നിന്നെത്തുന്ന സംസ്കൃത പണ്ഡിതന്മാരായ പണിക്കന്മാർ പുരാണങ്ങളിലെയും ഇതിഹാസങ്ങളെക്കുറിച്ചുമൊക്കെ ചർച്ച ചെയ്ത് പരസ്പരം ചോദ്യങ്ങൾ ചോദിച്ച് കൊമ്പുകോർക്കുകയാണ് മറുത്തുകളിയിൽ.
ഇത്തരം കടുത്ത മത്സരങ്ങൾ നടക്കുന്ന വേദികൾ നിയന്ത്രിക്കാനായി വിദഗ്ദ്ധർ അദ്ധ്യക്ഷസ്ഥാനത്തുമുണ്ടാകും.മാർച്ച് 31, ഏപ്രിൽ 1, 2, 3 തീയതികളിലായാണ് മിക്ക ക്ഷേത്രങ്ങളിലും മറുത്തുകളി നടക്കുന്നത്. രാമവില്യം കഴകത്തിൽ 31ന് നടക്കുന്ന മറുത്തുകളിയിൽ തെക്കരും വടക്കരുമായാണ് കളി.
ഒളവറ മുണ്ട്യയെ പ്രതിനിധീകരിച്ച് കുഞ്ഞിരാമൻ ചാത്തമത്ത്, തടിയൻ കൊവ്വൽ മുണ്ട്യയുടെ വിപിൻ എന്നി പണിക്കന്മാർ തമ്മിലാണ് കളി. തുരുത്തി നിലമംഗലം കഴകത്തിൽ ഏപ്രിൽ രണ്ടിന് തങ്കയത്തെ ഹരിദാസ് പണിക്കരും രജീഷ് പണിക്കരും തമ്മിൽ മാറ്റുരക്കും.
പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്രവും കരിവെള്ളൂർ വാണിയലം ക്ഷേത്രവും തമ്മിലുള്ള ആദ്യ ദിവസത്തെ മറുത്തുകളി ഒന്നിനാണ്. കരക്കക്കാവിനെ പ്രതിനിധീകരിച്ച് മടിക്കൈ സജിത് പണിക്കരും വാണിയലത്തെ രമേശ് ചന്ദ്രൻ പണിക്കരുമാണ് കരക്കക്കാവിൽ മാറ്റുരയ്ക്കുക.
കുട്ടമത്ത് പൂമാല ഭഗവതി ക്ഷേത്രത്തിൽ കെ. സുകുമാരൻ പണിക്കരും മന്ദിയോട്ട് ക്ഷേത്രത്തെ പ്രതിനിധികരിച്ച് യുവ പണ്ഡിതൻ സി.കെ. അഭിജിത് പണിക്കരും തമ്മിലാണ് കളി.എരമം ശ്രീ പുലിരൂപ കാളിക്ഷേത്രവും ചെറുവാച്ചേരി പുതിയ ഭഗവതി ക്ഷേത്രവും തമ്മിലുള്ള മറുത്തുകളിയിൽ ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പി. ഭാസ്കരൻ പണിക്കരും പാണപ്പുഴ പദ്മനാഭൻ പണിക്കരും തമ്മിലാണ് കളി. കൊടക്കത്ത് ഭഗവതി ക്ഷേത്രത്തിൽ കാടങ്കോട് കുഞ്ഞികൃഷ്ണൻ പണിക്കരും കുന്നച്ചേരി പൂമാല ഭഗവതി ക്ഷേത്രത്തിലെ കാനായി ബാബു പണിക്കരും തമ്മിലും പൊടോതുരുത്തി കായക്കീൽ ഭഗവതി ക്ഷേത്രത്തിൽ കെ.വി. കൃഷ്ണൻ പണിക്കരും പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ രാഗേഷ് പണിക്കരും തമ്മിലുമാണ് കളി.കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ ഒന്നിന് യു.കെ. പവിത്രൻ പണിക്കരും കുണിയൻ പറമ്പത്തറ ക്ഷേത്ര സംഘത്തെ നയിച്ചെത്തുന്ന സന്തോഷ് പണിക്കരും തമ്മിലാണ് മറുത്തുകളി. കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രവും പരവന്തട്ട ക്ഷേത്രവും തമ്മിലുള്ള കളി ഒന്ന്, മൂന്ന് തീയ്യതികളിലാണ്.
ചന്തേര നാരായണൻ പണിക്കർ, പെരളത്തെ കുഞ്ഞമ്പു പണിക്കർ എന്നിവർ തമ്മിലാണ് കളി. മയ്യിച്ച – വെങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ പ്രഗത്ഭ നാടക സംവിധായകൻ എ.കെ. കുഞ്ഞിരാമൻ പണിക്കരും പുതുക്കൈ ക്ഷേത്രത്തിലെ അശോകൻ പണിക്കരും തമ്മിലാണ് ഏറ്റുമുട്ടുക.
തൃക്കരിപ്പൂർ കണ്ണമംഗലം കഴകത്തിൽ 31ന് നടക്കുന്ന മറുത്തുകളിയിൽ പ്രമോദ് പണിക്കരും പടിഞ്ഞാറ്റംകൊവ്വൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കമലാക്ഷൻ പണിക്കരും തമ്മിലാണ് കളി. പിലിക്കോട് വേങ്ങാക്കോട് ക്ഷേത്രമടക്കം മറ്റു നിരവധി ക്ഷേത്രങളിലും മറുത്തുകളി അരങ്ങേറും.