ലഹരിക്ക്‌ അടിമയെന്ന്‌ വിദ്യാർഥിനി; പോലീസ് അന്വേഷണം തുടങ്ങി

Share our post

കുന്നമംഗലം: ലഹരിക്ക്‌ അടിമയായ എട്ടാം ക്ലാസ്‌ വിദ്യാർഥിനി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച്‌ ആശുപത്രിയിൽ. വിദ്യാർഥിനി പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായി മൊഴി നൽകിയതിനെ തുടർന്ന്‌ കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കൾ രാവിലെയാണ്‌ പതിമൂന്നുകാരി ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്‌.

ഈ അധ്യയനവർഷം ജൂലൈ മുതൽ ലഹരി ഉപയോഗിക്കുന്നതായും ഒരുമാസമായി ലഹരി ലഭിച്ചില്ലെന്നും ഇതേ തുടർന്നാണ് ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ചതെന്നുമാണ് മൊഴി.

ഒരു സ്ത്രീയും പുരുഷനുമാണ് പൊടിരൂപത്തിലുള്ള മയക്കുമരുന്ന് എത്തിച്ച് തന്നിരുന്നതെന്നാണ് പൊലീസിനോട് പറഞ്ഞത്.

സൗജന്യമായാണ് ഇത് നൽകിയിരുന്നതെന്നും സഹപാഠികളും ഉപയോഗിക്കാറുണ്ടായിരുന്നെന്നും കുട്ടി പറയുന്നു. മുതിർന്ന ക്ലാസിലെ കുട്ടികളിൽനിന്നാണ് ലഹരി ഉപയോഗിക്കുന്ന രീതി മനസ്സിലാക്കിയതെന്നും 14 വയസ്സുള്ള ആൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നതായും ഈ കുട്ടിയും ലഹരി ഉപയോഗിച്ചിരുന്നതായും പറഞ്ഞു.

സംഭവത്തിൽ ബാലനീതി നിയമപ്രകാരം കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ ലഹരി വിൽപ്പന നടത്തുന്നവരെക്കുറിച്ചും അന്വേഷണം തുടങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!