പണി നൽകി തൊഴിൽ വകുപ്പ്; മെഗാ ജോബ് ഫെയറിൽ 4461 തൊഴിലവസരങ്ങൾ

കണ്ണൂർ: ഏറ്റവും വലിയ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായി തൊഴിൽ വകുപ്പ് മാറിയെന്ന് മന്ത്രി വി. ശിവൻ കുട്ടി. സംസ്ഥാന സർക്കാറിന്റെ മൂന്നാമത് നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് നിയുക്തി ‘തൊഴിൽമേള 2023’ എന്ന പേരിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ഓൺ ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടനിലക്കാരില്ലാതെ സൗജന്യമായാണ് സംസ്ഥാനത്ത് തൊഴിൽ വകുപ്പ് തൊഴിൽ റിക്രൂട്ട്മെന്റ് സേവനം ലഭ്യമാക്കി വരുന്നത്. തൊഴിലുടമകളെയും ഉദ്യോഗാർഥികളെയും ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത്. ഉദ്യോഗദായകർക്ക് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താനും ഈ മേളകൾ വഴി കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തലശ്ശേരി ക്രൈസ്റ്റ് കോളജിൽ നടന്ന ചടങ്ങിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാ റാണി അധ്യക്ഷത വഹിച്ചു. എം. വിജിൻ എം.എൽ.എ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി. മേളയിൽ 4461 തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയത്. ഐ.ടി, മാനേജ്മെന്റ്, എൻജിനീയറിങ്, കൺസ്ട്രക്ഷൻ, ഹോസ്പിറ്റൽ, ഓട്ടോമൊബൈൽ തുടങ്ങി വിവിധ മേഖലകളിലെ 74 പ്രമുഖ സ്ഥാപനങ്ങൾ മേളയുടെ ഭാഗമായി.
3300ലേറെ ഉദ്യോഗാർഥികൾ പങ്കെടുത്തു.