സ്കൂൾ ചുമരുകളിൽ വിസ്മയമായി മൻമേഘിന്റെ കരവിരുത്

Share our post

കൂത്തുപറമ്പ്: അക്കാദമിക് പരിശീലനമൊന്നുമില്ലാതെ ചിത്രകലയിൽ തന്റെതായ മികവ് പുലർത്തി ഏഴാം ക്ലാസ് വിദ്യാർഥി.

അടുത്ത അധ്യയന വർഷത്തിൽ കുഞ്ഞു സഹോദരങ്ങളെ വരവേൽക്കാൻ സ്കൂളുകളിൽ സഞ്ചരിച്ച് ചുവരുകളിൽ ചിത്രരചന നടത്തുകയാണ് ഏച്ചൂരിലെ വി.മൻമേഘ്.

പത്തോളം വിദ്യാലയങ്ങളുടെ ചുവരിൽ ഇതിനകം മനോഹരമായ ചിത്രരചന നടത്തിയിട്ടുണ്ട്. ചെറു പ്രായത്തിൽ ദിനോസറുകളെ കുറിച്ച് പഠിക്കുകയും വിദ്യാലയങ്ങളിൽ കുട്ടികളുമായി അറിവുകൾ പങ്കിടുകയും ചെയ്യുന്നു.

90 ഓളം ദിനോസറുകളെ കുറിച്ച് പഠിക്കുകയും അറുപതോളം വ്യത്യസ്തമായവയുടെ ചിത്രങ്ങളും ശിൽപങ്ങളും ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

സ്കൂളുകളിൽ പവർ പോയന്റ് പ്രസന്റേഷനിലൂടെയാണ് ക്ലാസുകൾ എടുക്കുന്നത്. 90ലധികം ദിനോസറുകളുടെ ഫിസിയോളജിക്കൽ, അനാട്ടമിക്കൽ സവിശേഷതകൾ മന:പാഠമാണ്.

കേരളത്തിൽ ആദ്യമായി ദിനോസർ ചിത്രകല, ശില്പകല എക്സിബിഷൻ 2022 ജനവരി 7ന് സംഘടിപ്പിച്ചപ്പോൾ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.

16 സ്ക്വയർ ഫീറ്റിൽ പ്രകൃതിദത്ത നിറം കൊണ്ട് ദിനോസറിന്റെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്.

2021ൽ രാജീവ് ഗാന്ധി നാഷനൽ എക്സലൻസ് അവാർഡ് ലഭിച്ച മൻമേഘ് കേരള ഫോക്‌ലോർ അക്കാദമിയുടെ സ്റ്റൈപ്പന്റോടെ ചെണ്ട പഠനവും നടത്തുന്നുണ്ട്.

ചെറുതാഴം ചന്ദ്രൻ മാരാരുടെ കീഴിൽ പഞ്ചാരിമേളം അരങ്ങേറ്റത്തിനായി ആശാനെ വരച്ച് ദക്ഷിണ നൽകി പരിശീലനം തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം കിണവക്കലിന് സമീപം ഓലായിക്കര നോർത്ത് എൽ.പി സ്കൂളിൽ മൻമേഘിന്റെ ക്ലാസ് കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി.രാജീവനാണ് ഉദ്ഘാടനം ചെയ്തത്.

സ്കൂൾ ചുവരിൽ കുട്ടികളുടെ അഭിപ്രായമനുസരിച്ച് കാർട്ടൂൺ കഥാപാത്രങ്ങളെയാണ് വരച്ചത്.

കാഞ്ഞിരോട് ശങ്കര വിലാസം യു.പി സ്കൂൾ വിദ്യാർഥിയായ മൻമേഘ് അനന്തോത്ത് ഉല്ലാസിന്റെയും ഡോ. ഷിനിമോളിന്റെയും മകനാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!